കൊച്ചി : മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തര വകുപ്പിനെ പോലും നാണംകെടുത്തുന്നതാണ് ഓരോ ദിവസവുമുള്ള കേരള പോലീസിന്റെ വീഴ്‌ചകൾ. പിണറായി വിജയൻ അധികാരത്തിലേറിയപ്പോൾ മുതൽ കേരള പോലീസ് അഴിഞ്ഞാടുകയാണ്. സാധാരണക്കാരായ ജനങ്ങൾക്ക് കാവലാകേണ്ട പോലീസ് പലപ്പോഴും അവർക്ക് ലഭിക്കേണ്ട അടിസ്ഥാന നീതിപോലും തട്ടിത്തെറുപ്പിക്കുകയാണ്. കാരണം കേരളം ഇന്ന് ഉണർന്നത് നടുക്കുന്ന ഒരു വാർത്ത കേട്ടാണ്. യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തില്‍ നടുങ്ങിയിരിക്കുകയാണ് കോട്ടയം.
വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിനെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ കൊലപ്പെടുത്തിയത്. ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വിമലഗിരി സ്വദേശിയായ ഷാന്‍ ബാബുവിന്റെ മൃതദേഹവുമായി ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പോലീസുകാരെ ബഹളം വെച്ച് വിളിച്ചുവരുത്തിയ ശേഷം ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് സംഘം ഷാനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ ജോമോനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് തന്നെ പറയുന്നു. തുടർന്ന് ഷാനിനെ ഓട്ടോയിലേക്ക് വലിച്ചുകയറ്റിയ ശേഷം പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയും ഷാന്‍ കൊല്ലപ്പെടുകയുമായിരുന്നു. പുലര്‍ച്ചെ ഒന്നര മണിക്ക് പരാതി നല്‍കാനായി ഷാനിന്റെ അമ്മ കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പോയിരുന്നു. ഷാന് ഒന്നും സംഭവിക്കില്ലെന്നും രാവിലെ തിരികെയെത്തിക്കുമെന്നും പോലീസ് പറഞ്ഞതായി ഷാന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മകനെ തട്ടിക്കൊണ്ട് പോയെന്ന് അമ്മ പോലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. കൂടാതെ കാപ്പ ചുമത്തി നാടുകടത്തിയ ജോമോന്റെ തിരിച്ചുവരവ് പോലീസ് അറിഞ്ഞില്ല എന്നുള്ളത് വളരെയധികം നാണം കെടുത്തുന്ന കാര്യമാണ്.
‘ഒന്നും സംഭവിക്കില്ല , നോക്കിക്കോളാം, നേരം വെളുക്കുമ്പോള്‍ കൊണ്ടുതരുമെന്ന് പോലീസ് പറഞ്ഞതാണ്. ഈ സര്‍ക്കാര്‍ ഇവരെയക്കെ എന്തിനാണ് വെറുതേ വിടുന്നത്… എന്നോട് എന്തിനാണ് ഇത് ചെയ്തത്… ഞങ്ങള്‍ ആരോടും ഒരു ദ്രോഹവും ചെയ്തില്ലല്ലോ…എന്ന് പറഞ്ഞു ഷാന്‍ ബാബുവിന്റെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കയുമ്പോൾ തലകുനിക്കേണ്ടത് കേരളത്തിലെ ആഭ്യന്തരവകുപ്പാണ്. ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണ്. രാത്രിയായാലും പകലായാലും പോലീസ് അവരുടെ കർത്തവ്യം നിര്‍വ്വഹിക്കണം. “മൃദുഭാവേ ദൃഢ കൃത്യേ” എന്നാണ് കേരള പോലീസിന്റെ ആപ്തവാക്യം പോലും.
എന്നാൽ കാക്കി അണിയുന്ന പോലീസ് ഉദ്യോഗസ്ഥർ സാധാരക്കാരനായ ജനങ്ങളെ കൊള്ളയടിക്കുന്നതാണ് ഓരോ ദിവസവും പുറത്ത് വരുന്ന വാർത്തകളിലൂടെ കാണാൻ കഴിയുന്നത്. നിരവധി തവണ ഹൈക്കോടതി പോലും കേരള പോലീസിനെതിരെ രംഗത്ത് വന്നിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കീഴില്‍ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണ്. കേരളാ പോലീസിലെ മിടുക്കരായ പല ഉദ്യോഗസ്ഥര്‍ക്കും മുഖം നോക്കാതെ നടപടി എടുക്കാന്‍ കഴിയുന്നില്ല. കാരണം ഇവരില്‍ പലര്‍ക്കും ഭരിക്കുന്ന പാര്‍ട്ടിയുമായുള്ള ബന്ധമാണ്.
അതുകൊണ്ട് തന്നെ പോലീസ് ഉദ്യോഗസ്ഥർക്ക് ഇവർക്കെതിരെ നടപടിയെടുക്കാൻ സാധിക്കുന്നില്ല. മഹാമാരി കാലത്താണ് കേരളാ പോലീസിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നു വന്നത്. കോവിഡുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചു എന്നപേരിലായിരുന്നു സാധാരണക്കാരായ ജനങ്ങളിൽ നിന്ന് പിഴ ഈടാക്കിയത്. എന്നാൽ ഇതിനെല്ലാം എതിരെ ഹൈക്കോടതി പോലും രംഗത്തെത്തുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നാൽ കേരളം പോലീസ് ഇതിനെയെല്ലാം കാറ്റിൽ പറത്തിയാണ് മുൻപോട്ടുപോകുന്നത്