ദില്ലി : സാധാരണക്കാർക്ക് തിരിച്ചടിയായി ദില്ലിയിൽ സിഎൻജി (Compressed Natural Gas) വില വീണ്ടും വർധിച്ചു. കിലോയ്ക്ക് രണ്ട് രൂപയാണ് വർധിച്ചത്. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (Indraprastha Gas Limited) ആണ് ദില്ലിയിലെ സിഎൻജി (CNG) വില വർധിപ്പിച്ചത്. രണ്ട് മാസത്തിനിടെ 13-ാമത്തെ വർധനവാണ് ഇത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സിഎൻജി വില 60 ശതമാനം വർധിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ട് രൂപ വർധിച്ചതോടു കൂടി ദില്ലിയിൽ സിഎൻജി വില കിലോയ്ക്ക് 75.61 രൂപയായി. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ സിഎൻജി വില 78.17 രൂപയായും ഗുരുഗ്രാമിൽ 83.94 രൂപയായും വർധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കിലോ സിഎൻജിയ്ക്ക് 30.21 രൂപയാണ് വർധിച്ചത്.
പ്രകൃതിവാതകത്തിന്റെ വില ആഗോളതലത്തില്‍ തന്നെ വര്‍ധിച്ചതാണ് സിഎൻജിയുടെ വില കൂടാനുള്ള കാരണമെന്നും വില വർധനവ് നിയന്ത്രിക്കാൻ മാനേജ്‌മെന്റ് പ്രവർത്തന ചെലവ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഐജിഎൽ ഗ്യാസ് വിതരണ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ദില്ലിയോട് ചേർന്നുള്ള മറ്റ് പ്രദേശങ്ങളിലും സിഎൻജിയുടെ വില വർധിപ്പിക്കുമെന്ന് ഐജിഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം പിഎൻജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) വില മാറ്റമില്ലാതെ തുടരുന്നു. 45.86 രൂപയാണ് പിഎൻജി വില. കേരളത്തിൽ സിഎൻജിയുടെ വില 82.59 രൂപയാണ്.