മുംബൈ : പെട്രോൾ ഡീസൽ വില വർധന പേടിച്ച് സിഎൻജിയിലേക്ക് മാറിയവർക്കും വിലക്കയറ്റം തിരിച്ചടിയാവുന്നു. നാല് മാസത്തിനിടെ 15 രൂപയോളമാണ് മുംബൈയിൽ ഒരു കിലോ സിഎൻജിയ്ക്ക് വിലകൂടിയത്. യാത്രാ നിരക്ക് കൂട്ടാതെ മുന്നോട്ട് പോവാനാകില്ലെന്നാണ് ഓട്ടോ ടാക്സി തൊഴിലാളികൾ പറയുന്നത്.
പെട്രോളും ഡീസലും സെഞ്ച്വറിയടിച്ച് കത്തിക്കയറുമ്പോഴാണ് നാട്ടുകാർക്ക് സിഎൻജിയോടുള്ള ആകർഷണം ഏറിയത്. മാരുതി സുസുക്കിയ്ക്ക് നിലവിൽ മൂന്നേകാൽ ലക്ഷം സിഎൻജി കാറുകളുടെ ഓർഡറുകളാണ് ലഭിച്ചത്. ഇതിൽ 1.30 ലക്ഷം സിഎൻജി കാറുകൾ വിൽപനയ്ക്ക് റെഡിയാണ്. പക്ഷെ മുൻകൂട്ടി ഓർഡർ ചെയ്തവരൊക്കെ ആശയക്കുഴപ്പത്തിലാണ്.
നാല് മാസത്തിനിടെ സിഎൻജിയ്ക്ക് കൂടിയത് 15 രൂപ. നിലവിൽ മുംബൈയിലെ വില കിലോയ്ക്ക് 76 രൂപ. സെഞ്ച്വറിയിലേക്കാണ് പോക്കെങ്കിൽ സിഎൻജി കൊണ്ടും രക്ഷയുണ്ടാകില്ല. മുംബൈയിൽ ഓട്ടോ ടാക്സികളെല്ലാം ബഹുഭൂരിപക്ഷവും സിഎൻജിയാണ് ഉപയോഗിക്കുന്നത്. ഇനി രക്ഷ തേടി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാമെന്ന് കരുതിയാൽ, വൈദ്യുതിക്കും വില വർധിപ്പിക്കുമെന്ന ആശങ്കയാണ് സാധാരാണക്കാർക്ക് ഉള്ളത്.