ദില്ലി: ഇന്ത്യയിലെ കൽക്കരി ഉൽപ്പാദനം സെപ്റ്റംബറിൽ 12 ശതമാനം വർദ്ധിച്ചു. രാജ്യത്തെ 25 കൽക്കരി ഖനികളുടെ ഉൽപ്പാദന നിലവാരം 100 ശതമാനമായി ഉയർത്തിയതോടെയാണ് ഉത്പാദനം ഉയർന്നതെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. സെപ്റ്റംബറിലെ കൽക്കരി ഉൽപ്പാദനം 57.93 ദശലക്ഷം ടണ്ണാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉത്പാദനം 51.72 ദശലക്ഷം ടണ്ണായിരുന്നു.
കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഉത്പാദനം 45.67 ദശലക്ഷം ടൺ ആണ്. രാജ്യത്തെ 37 ഖനികളിൽ 25 ഖനികളുടെ ഉൽപാദന നിലവാരം100 ശതമാനത്തിൽ കൂടുതലാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. കൂടാതെ അഞ്ച് ഖനികളുടെ ഉത്പാദനം 80 മുതൽ 100 ശതമാനം വരെയാണ്.
അതേസമയം, കൽക്കരി വിതരണം സെപ്റ്റംബറിൽ 1.95 ശതമാനം വർധിച്ച് 61.18 ദശലക്ഷം ടണ്ണായി. കഴിഞ്ഞ വർഷം ഇത് 60.02 മെട്രിക് ടണ്ണായിരുന്നു. സെപ്റ്റംബറിൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം മുൻവർഷത്തേക്കാൾ 13.40 ശതമാനം വർദ്ധിച്ചു.
ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 299 ദശലക്ഷം ടൺ കൽക്കരിയാണ് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൽക്കരിയുടെ ഉത്പാദനത്തിൽ 20 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഉത്പാദനം 250 ദശലക്ഷം ടൺ ആയിരുന്നു രാജ്യത്തെ കൽക്കരി ഉത്പാദനം.
അതേസമയം, ആറ് മാസത്തിനുള്ളിൽ സിഐഎൽ ഉത്പാദന ലക്ഷ്യത്തിന്റെ 43 ശതമാനം കൈവരിച്ചു. 700 മെട്രിക് ടൺ ആണ് സിഐഎല്ലിന്റെ ഉൽപ്പാദന ലക്ഷ്യം. ഉത്പാദനം ഉയർന്നതോടുകൂടി പവർ പ്ലാന്റുകളിലേക്കുള്ള കൽക്കരി വിതരണം ഉയർത്തി. ആദ്യ പകുതിയിൽ 138.5 ദശലക്ഷം ടൺ കൽക്കരിയാണ് വിതരണം ചെയ്തത്.