കോഴിക്കോട്: ഫറോക്ക് ഇഎസ്ഐ ആശുപത്രിക്കകത്ത് കയറിക്കൂടിയ മൂര്‍ഖന്‍ പാമ്പില്‍ നിന്നും ജീവനക്കാരും രോഗികളും രക്ഷപ്പെട്ടത് തലനാരിഴ്യ്ക്ക്. ആശുപത്രിക്ക് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാത്തതിനെതിരെ നേരത്തെ പരാതികളുയര്‍ന്നിരുന്നു. ദിവസവും നിരവധി ആളുകളെത്തുന്ന ഇസിജി റൂമിലാണ് പാമ്പിനെ കണ്ടെത്തിയത്.മൂന്നു ജില്ലകളിലെ ഇഎസ്ഐ ആനുകൂല്യം ഉള്ള ആളുകള്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് ഫറോക്കിലേത്. ഇസിജി റൂമിലെ ബെഡിന് സമീപമുള്ള റാക്കിനിടയിലായിരുന്ന മൂര്‍ഖന്‍ പാമ്പ് ജീവനക്കാരന്റ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പാമ്പിനെ മാറ്റാന്‍ കഴിഞ്ഞത്. അതിനുശേഷം ഇസിജി റൂം പ്രവര്‍ത്തനം പുനരാരംഭിച്ചു.
ആശുപത്രിക്ക് ചുറ്റും കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളാണ്. ഇവിടെ നിന്നും ഇനിയും ഇഴജന്തുക്കള്‍ എത്താന്‍ സാധ്യതയുണ്ട്. എത്രയും പെട്ടന്ന് ചുറ്റുപാടുകള്‍ വൃത്തിയാക്കണമെന്നാണ് ആവശ്യം. ജീവനക്കാരുടെയും രോഗികളുടെ ഭയം വിട്ടുമാറിയിട്ടില്ല. കിടത്തിചികില്‍സിക്കാന്‍ സൗകര്യമുള്ള ആശുപത്രില്‍ നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്.