ചെന്നൈ ∙ കോയമ്പത്തൂര്‍ കാർ സ്ഫോടനക്കേസിലെ പ്രതികള്‍, വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ശ്രീലങ്കയിലെ ചാവേര്‍ ആക്രമണക്കേസിലെ പ്രതികളെ സന്ദര്‍ശിച്ചുവെന്ന് സ്ഥിരീകരിച്ചു. കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്മായില്‍ എന്നയാള്‍ ഇക്കാര്യം അന്വേഷണ സംഘത്തോടു സമ്മതിക്കുകയായിരുന്നു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ വെടിമരുന്നുകളും ഐഎസ് അനുകൂല ലഘുലേഖകളും കണ്ടെത്തി.
എന്‍ഐഎയുടെ എഫ്ഐആറിന്റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു. കോയമ്പത്തൂര്‍ കാർ സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്മായിലാണു നിര്‍ണായക മൊഴി നല്‍കിയത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ഐഎസ് കേസ് പ്രതികളായ കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് അസ്ഹറുദ്ദീൻ, റാഷിദ് അലി എന്നിവരെ ജയിലിലെത്തി കണ്ടുവെന്നാണു മൊഴി. ഇതിനെ സാധൂകരിക്കുന്ന തെളിവ് ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ചു.
ജയിലില്‍ ഇരുവരെയും സന്ദര്‍ശിച്ചവരുടെ കൂട്ടത്തില്‍ ഫിറോസ് ഇസ്മായിലിന്റെ പേര് സന്ദര്‍ശക റജിസ്റ്ററില്‍നിന്നു കണ്ടെത്തി. എന്നാല്‍ എന്നാണ് ഇരുവരും വിയ്യൂരിലെത്തിയത് എന്നതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ ആക്രമണത്തിലെ മുഖ്യസൂത്രധാരനായ സഹറാന്‍ ഹാഷ്മിയുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അസ്ഹറുദ്ദീനെയും റാഷിദ് അലിയെയും കൊച്ചി എന്‍ഐഎ 2019ല്‍ അറസ്റ്റ് ചെയ്തത്.
2020ല്‍ ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നു യുഎഇ നാടുകടത്തിയ ആളാണ് ഇരുവരെയും ജയിലിലെത്തി കണ്ട ഫിറോസ് അലി. കേസ് ഏറ്റെടുത്തതിനു പിന്നാലെ ജമേഷ മൂബിന്റെ ഉക്കടത്തെ വീട്ടില്‍ എൻഐഎ റെയ്ഡ് നടത്തി. 75 കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഐഎസ് അനുകൂല ലേഖനങ്ങളും ഇവിടെനിന്നു ലഭിച്ചു. കോട്ട ജംഗമേശ്വര ക്ഷേത്ര പൂജാരിയുടെ പരാതിയിലാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട ജമേഷ മുബീൻ മാത്രമാണു നിലവില്‍ പ്രതി.
അതേസമയം, അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് നാളെ കോയമ്പത്തൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ബിജെപിയില്‍ കലഹം രൂക്ഷമായി. ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ദേശീയ നിര്‍വാഹക സമിതി അംഗം സി.പി.രാധാകൃഷ്ണന്റെ പ്രഖ്യാപനം തന്റെ അനുമതിയോടെ അല്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പ്രഖ്യാപിച്ച പോലെ ബന്ദ് നടക്കുമെന്നു മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍ പ്രഖ്യാപിച്ചു.