കോഴിക്കോട് : കുളിമാട് പാലത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട പൊതുമരാമത്ത് വിജിലൻസിന്റെ റിപ്പോർട്ട് തിരിച്ചയച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. യന്ത്ര തകരാറോ , മാനുഷിക പിഴവോ ആണ് പാലം തകരാൻ കാരണമെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. ഈ റിപ്പോർട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാൽ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇത് തിരിച്ചയച്ചത്. യന്ത്രത്തകരാറാണോ മാനുഷിക പിഴവാണോ പാലം തകരാൻ കാരണമെന്ന് കൃത്യമായി പറയണമെന്നാണ് മന്ത്രിയുടെ നിർദേശം.
മന്ത്രി ഉന്നയിച്ച ചോദ്യങ്ങൾ
* ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണോ മാനുഷ്യക പിഴവാണോ എന്നതിൽ വ്യക്ത വേണം
* മാനുഷിക പിഴവാണെങ്കിൽ വിദഗ്‍ധ തൊഴിലാളുടെ സേവനം ഉറപ്പാക്കത്തതാണോ അപകടത്തിന് ഇടയാക്കിയത്?
* സുരക്ഷാ സംവിധാനങ്ങളും മുൻകരുതലുമില്ലാതെയായിരുന്നോ നിർമാണം എന്നതിലും വ്യക്തത വേണം
കൂളിമാട് പാലത്തിന്റെ തകർച്ചയിൽ ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും വീഴ‍്‍ച പറ്റിയെന്ന് വ്യക്തമാക്കി സമർപ്പിച്ച റിപ്പോർട്ടിലാണ് പൊതുമരാമത്ത് വിജിലൻസിൽ നിന്ന് മന്ത്രി വിശദീകരണം തേടിയത്. നിർമാണം നടക്കുമ്പോൾ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ അവിടെ ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് PWD വിജിലൻസ് ചൂണ്ടിക്കാട്ടിയിരുന്നു. സ്പാൻ ഉറപ്പിക്കുമ്പോൾ കരാർ കമ്പനിയുടെ എഞ്ചിനീയർമാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. സുരക്ഷ ഒരുക്കുന്നതിൽ നിർമാണ കമ്പനിക്കും വീഴ‍്ച സംഭവിച്ചു. ഹൈഡ്രോളിക് ജാക്കിയുടെ പ്രവർത്തനം ഉറപ്പാക്കിയില്ല. ഇത്രയും കാര്യങ്ങൾ പരാമർശിച്ചാണ് പൊതുമരാമത്ത് വിജിലൻസ് വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് തേടിയത്.
നിർമാണത്തിൽ അപാകതയില്ല, വീഴ്ച സംഭവിച്ചിട്ടില്ല എന്നിങ്ങനെയുള്ള കമ്പനിയുടെ അവകാശവാദങ്ങൾ നേരത്തെ പൊതുമരാമത്ത് മന്ത്രി തന്നെ തള്ളിപ്പറഞ്ഞിരുന്നു. നിർമാണം പുനരാരംഭിക്കാമെന്നുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദ്ദേശവും അദ്ദേഹം തള്ളിയിരുന്നു. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം നിർമാണം തുടങ്ങിയാൽ മതിയെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
പാലം തകർന്ന സംഭവത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും പൊതുമരാമത്ത് മന്ത്രിക്ക് പങ്കുണ്ടെന്നും ആരോപിച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി എടുത്ത് മുഖം രക്ഷിക്കാനായിരിക്കും സർക്കാരിന്റെ ശ്രമം.
ചാലിയാറിന് കുറുകെയുള്ള കൂളിമാട് കടവ് പാലത്തിന്‍റെ മൂന്ന് പ്രധാന ബീമുകളാണ് നിർമാണത്തിന്റെ അവസാന ഘടത്തിൽ തകർന്നുവീണത്. മലപ്പുറം ജില്ലയോട് ചേർന്ന ഭാഗത്തായിരുന്നു അപകടം. ഇതിനുപിന്നാലെയാണ് സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശ് നൽകിയത്. തുടർന്ന് പിഡബ്ലിയുഡി (PWD) ആഭ്യന്തര അന്വേഷണ വിഭാഗം തകർന്ന ബീമുകള്‍, പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗം എന്നിവ പരിശോധിക്കുകയും നിർമാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉൾപ്പെടെ വിശദമൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.