കോഴിക്കോട് : ജനങ്ങളിൽ നിന്ന് പലിശരഹിത വായ്പ സ്വീകരിച്ച് സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടു പോകണമെന്ന സർക്കാർ നിർദ്ദേശവുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള വിവാദ ഉത്തരവ് പിൻവലിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ. പ്രധാനധ്യാപകർക്ക് ജനങ്ങളുടെ മുന്നിൽ കൈ നീട്ടേണ്ട സ്ഥിതി വരുത്തുമെന്ന് അധ്യാപക സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. ഉച്ച ഭക്ഷണ പദ്ധതിയുടെ ചുമതലയിൽ നിന്ന് പ്രധാനധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി 20 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാൻ ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാൻ അധ്യാപകർ തീരുമാനിച്ചതോടെയാണ് രണ്ട് ദിവസത്തിന് ശേഷം നിർദേശം പിൻവലിച്ചിരിക്കുന്നത്.