ഇടുക്കി : ജില്ലയിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായി ജില്ലാ കളക്ടർ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടത്തും. ജില്ലയിലെ വിനോദസഞ്ചാരമേഖലയിലെ പ്രശ്‌നങ്ങളും, പ്രതിവിധികളും, ആശയങ്ങളും, പരിമിതികളും തുടങ്ങി വിവിധ വിഷയങ്ങൾ ജില്ലാ കളക്ടറുടെ മുൻപിൽ നേരിട്ട് അവതരിപ്പിക്കാനുള്ള ഈ അവസരം വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രയോജനപ്പെടുത്താമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഇടുക്കി ജില്ലയിൽ ഓഫ് റോഡ് ജീപ്പ് സഫാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയ വിഷയത്തിൽ ഇന്ന് ചർച്ചയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജില്ലയിലെ എല്ലാ ഓഫ് റോഡ് ജീപ്പ് സഫാരി പ്രവർത്തനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണമായി നിരോധിച്ച് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.
നിരോധനം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാധകമാണ്. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഔദ്യോഗിക അനുമതി ലഭിച്ചിട്ടുള്ള ഓഫ് റോഡ് സർവീസുകൾക്കും മറ്റ് സാധാരണ ജീപ്പ് സർവീസുകൾക്കും ഉത്തരവ് ബാധകമായിരിക്കില്ല. വിനോദ സഞ്ചാര കേന്ദ്രമായ കൊളുക്കുമലയിൽ സഞ്ചാരികളെ കൊണ്ടുപോകുന്ന മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന പൂർത്തിയാക്കിയ ജീപ്പുകളെ വിലക്ക് ബാധിക്കില്ല. സുരക്ഷിതമല്ലാത്ത ജീപ്പ് സഫാരി അപകടങ്ങൾക്കിടയാകുന്ന സാഹചര്യത്തിലാണ് നിരോധനം. വിഷയം പരിശോധിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും വിവിധ വകുപ്പുതല ഏകോപന സമിതിയെ നിയോഗിക്കുകയും ഈ മാസം 10നകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.