ബംഗളൂരു: കേരള സ്റ്റോറി സിനിമ കാണാൻ വിദ്യാർഥിനികൾക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തി കർണാടകയിലെ മെഡിക്കൽ കോളജ്. ബഗൽകോട്ട് ഇൽകലിലെ ശ്രീ വിജയ് മഹന്ദേഷ് ആയുർവേദ മെഡിക്കൽ കോളജാണ് ബുധനാഴ്ച ഉച്ചക്ക് ശേഷം കോളജിന് അവധി നൽകിയത്. നഗരത്തിലെ തിയറ്ററിൽ സിനിമ സൗജന്യമായി കാണാനും അവസരമൊരുക്കി. ചൊവ്വാഴ്ച ഇതുസംബന്ധിച്ച നോട്ടീസ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.സി. ദാസ് പുറപ്പെടുവിച്ചിരുന്നു. ഇൽകലിലെ ശ്രീനിവാസ് ടാക്കീസിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെയുള്ള ഷോയിൽ വിദ്യാർഥിനികൾക്ക് സൗജന്യമായി സിനിമ കാണാമെന്ന് നോട്ടീസിൽ പറയുന്നു. മേയ് അഞ്ചിനാണ് രാജ്യവ്യാപകമായി കേരള സ്റ്റോറി സിനിമ റീലീസ് ചെയ്തത്. കേരളത്തെ കുറിച്ച് വസ്തുതാപരമല്ലാത്ത പലതും സിനിമയിൽ ഉൾക്കൊള്ളിച്ചതിനാൽ സിനിമ വൻ വിവാദത്തിലായിരുന്നു.