കോഴിക്കോട് : കോഴിക്കോട് നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന 41 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി കോളേജ് വിദ്യാർത്ഥി പിടിയിൽ. കക്കോവിലെ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി നല്ലളം മുതിരകലായിപറമ്പ് സ്വദേശി അഹൻ മുഹമ്മദ് (22) നെയാണ് പൊലീസ് പിടികൂടിയത്. സൗത്ത് ബീച്ച് പള്ളിക്കണ്ടി പള്ളിക്ക് സമീപം വെച്ചാണ് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 41 ഗ്രാം എം.ഡി.എം.എ എന്നറിയപ്പെടുന്ന മെത്തലീൻ ഡയോക്സി മെത്ആംഫ്റ്റമൈനുമായി പൊലീസ് അഹന്‍ മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്.
പിടിയിലായ അഹൻ മുഹമ്മദ് നല്ലളം കേന്ദ്രികരിച്ച് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ. ശ്രീനിവാസ് ഐ.പി.എസ് ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ഇയാളെ പൊലീസ് നീരീക്ഷിച്ച് വരികയായിരുന്നു. അഹനിന്‍റെ ഓണലൈൻ ബാങ്കിങ് വഴിയും കൊറിയർ മുഖേനയും നടത്തുന്ന ഇടപാടുകളെക്കുറിച്ചും ഡാൻസാഫ് ടീമിന് വിവരം ലഭിച്ചു. തുടര്‍ന്ന് ചെമ്മങ്ങാട് പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഹരിമരുന്നുമായിപ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾ മുൻപും ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നും ബാഗ്ലൂരിൽ നിന്നും കൊറിയർ വഴിയാണ് ലഹരി മരുന്ന് നാട്ടിലെത്തിക്കുന്നതെന്നും ഉറവിടം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്നും ചെമ്മങ്ങാട് സബ് ഇൻസ്പെക്ടർ അനിൽ പി.വി പറഞ്ഞു.
കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്പെക്ടർ അനിൽ പി.വി യുടെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഡാൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, സീനിയർ സി.പി.ഒ കെ അഖിലേഷ്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്സി. സബ് ഇൻസ്‌പെക്ടർ ജഗൻമയൻ എസ്.സി പി.ഒ മാരായ മഹേശ്വരൻ എസ്, കൃഷ്ണകുമാർ എം, സിപിഒ ജിതേഷ് എൻ.വി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.