കോഴിക്കോട്: റോഡിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കാര്‍ യാത്രികരുടെ ആക്രമണത്തില്‍ കറുത്തപറമ്പ് സ്വദേശിയും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഷഹന്‍(20) ആണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചെവിക്ക് സാരമായി പരുക്കേറ്റ ഷഹന്റെ കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു.
കഴിഞ്ഞ ഇരുപതിനാണ് സംഭവങ്ങള്‍ ഉണ്ടായത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ എന്‍.സി ഹോസ്പിറ്റലിന് മുന്‍വശത്തായാണ് അക്രമം നടന്നത്. രാത്രി പത്തോടെ സുഹൃത്തിന്റെ ബൈക്കില്‍ കറുത്തപറമ്പിലെ വീട്ടില്‍ നിന്നും മുക്കത്തേക്ക് പോകുകയായിരുന്നു മുഹമ്മദ് ഷഹന്‍. കറുത്തപറമ്പിലെ ഇടറോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിച്ചത് ഒരു കാറിന് മുന്‍പിലേക്കാവുകയായിരുന്നു. ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത്. കാറിലെത്തിയ സംഘം പുറത്തിറങ്ങി അസഭ്യം വിളിക്കുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്ന് ഷഹന്‍ പറയുന്നു.
തലയ്ക്കും കഴുത്തിലും മുഖത്തും മര്‍ദ്ദിച്ചു. മുഖത്തേറ്റ അടിയാണ് ചെവിക്ക് പരുക്കേല്‍ക്കാന്‍ കാരണമായത്. നാല് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ആളുകള്‍ കൂടുന്നതിന് മുന്‍പ് തന്നെ സംഘം ഇവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും ഷഹന്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ അടിസ്ഥാനത്തിലാണ് കേള്‍വിക്ക് തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.