ന്യൂഡൽഹി: രാജ്യത്തെ മികച്ച 50 ഹൈകോടതി ജഡ്ജിമാരുടെ പട്ടിക തയാറാക്കാൻ കൊളീജിയം അധ്യക്ഷൻ കൂടിയായ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സുപ്രീംകോടതി ഗവേഷണവിഭാഗമായ സെന്റർ ഫോർ റിസർച് ആൻഡ് പ്ലാനിങ്ങിന് (സി.ആർ.പി) നിർദേശം നൽകി.ജഡ്ജി നിയമനത്തിനുള്ള കൊളീജിയം ശിപാർശയിൽ സുതാര്യത കൊണ്ടുവരാനും പരമാവധി കുറ്റമറ്റതാക്കാനുമാണ് സുപ്രീംകോടതി ഗവേഷണ വിഭാഗത്തിന്റെ സഹായം തേടിയതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
ഓരോ ജഡ്ജി നിയമനത്തിനുമുള്ള കൊളീജിയം ശിപാർശകളുടെ കാരണങ്ങൾ സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി തുടങ്ങിയശേഷമാണ് ചീഫ് ജസ്റ്റിസിന്റെ പുതിയ നടപടി. വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് ഈയിടെ മദ്രാസ് ഹൈകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത് വലിയ വിവാദത്തിനും സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിനും കാരണമായിരുന്നു.
കൊളീജിയത്തിന്റെ സ്ഥിരം സെക്രട്ടേറിയറ്റിനെ ജഡ്ജി നിയമന ശിപാർശകളിൽ സഹായിക്കാൻ സെന്റർ ഫോർ റിസർച് ആൻഡ് പ്ലാനിങ്ങിന് നിർദേശം നൽകിയ കാര്യം സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തിയത്.
സീനിയോറിറ്റി, പുറപ്പെടുവിച്ച വിധികൾ, പുറപ്പെടുവിച്ച റിപ്പോർട്ട് ചെയ്യാവുന്ന വിധികൾ തുടങ്ങിയവയുടെ സ്ഥിതിവിവരക്കണക്ക് തയാറാക്കി രാജ്യത്ത് മികച്ചുനിൽക്കുന്ന 50 ഹൈകോടതി ജഡ്ജിമാരുടെ പട്ടിക തയാറാക്കാനാണ് സി.ആർ.പിക്ക് നൽകിയ നിർദേശം.
ഇത് മുമ്പൊരിക്കലും ചെയ്യാത്തതാണെന്നും കൊളീജിയത്തിന്റെ പ്രവർത്തനങ്ങളിൽ ലക്ഷ്യബോധം ഉണ്ടാക്കുന്നതിനാണ് ഇത്തരമൊരു നടപടിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതോടെ കൊളീജിയം പെർമനന്റ് സെക്രട്ടേറിയറ്റുമായി ചേർന്ന് സി.ആർ.പി പ്രവർത്തിക്കും.
മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുർ തുടക്കമിട്ട സുപ്രീംകോടതി ഗവേഷണ വിഭാഗത്തിൽ ഇപ്പോൾ സുപ്രീംകോടതി രജിസ്ട്രിയിൽനിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ച രണ്ട് ഉദ്യോഗസ്ഥർക്കു കീഴിലാണ് പ്രവർത്തിക്കുന്നത്.