മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് കോളോ റെക്ടൽ കാൻസർ അഥവാ മലാശയ അർബുദം എന്നു പറയുന്നു. ഈ അര്‍ബുദം പലപ്പോഴും ആദ്യ ഘട്ടത്തില്‍ ലക്ഷങ്ങള്‍ കാണിക്കില്ലെന്നതിനാല്‍ രോഗനിര്‍ണയം അതിപ്രധാനമാണെന്ന് ക്ലീവ് ലാന്‍ഡ് ക്ലിനിക്ക് ഫ്ളോറിഡയുടെ ഡൈജസ്റ്റീവ് ഡിസീസ് ആന്‍ഡ് സര്‍ജറി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സ്റ്റീവന്‍ വെക്സ്നര്‍ പറയുന്നു. 45 വയസ്സാകുന്നതോടെ കോളോറെക്ടല്‍ കാന്‍സര്‍ പരിശോധന ചെക്കപ്പിന്റെ ഭാഗമാക്കണമെന്ന് ഇതുമായി ബദ്ധപ്പെട്ട വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്ന അര്‍ബുദമാണ് ഇത്. മരണനിരക്കും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഓരോ വര്‍ഷവും മല പരിശോധന, ഓരോ മൂന്ന് വര്‍ഷത്തിലും സ്റ്റൂള് ഡിഎന്‍എ സ്ക്രീനിങ്ങ്, ഓരോ അഞ്ച് വര്‍ഷത്തിലും സിടി കോളനോഗ്രാഫി, ഓരോ 10 വര്‍ഷത്തിലും കോളണോസ്കോപ്പി എന്നീ പരിശോധനകളാണ് മലാശയ അര്‍ബുദ നിര്‍ണയത്തിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
76 വയസ്സാകുന്നതോടെ നിയന്ത്രിതമായ തോതിലുള്ള പരിശോധനകള്‍ മതിയാകും. 86 വയസ്സോ അതിനു മുകളിലോ ഉള്ളവര്‍ക്ക് സ്ക്രീനിങ്ങ് ആവശ്യമില്ലെന്നും അര്‍ബുദരോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും കോളോറെക്ടല്‍ കാന്‍സര്‍ വന്നിട്ടുള്ളവര്‍ 45 വയസ്സിന് മുന്‍പുതന്നെ പരിശോധന ആരംഭിക്കണമെന്ന് ഡോ. സ്റ്റീവന്‍ നിര്‍ദ്ദേശിക്കുന്നു. ക്രോണ്‍സ് ഡിസീസ്, അള്‍സറേറ്റീവ് കോളിറ്റിസ്, ചില ജനിതക പ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്ളവരും നേരത്തെതന്നെ പരിശോധനകള്‍ ആരംഭിക്കുന്നത് നന്നായിരിക്കുമെന്ന് അമേരിക്കയിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്യുന്നു.
പുരുഷന്മാര്ക്കും കറുത്ത വംശജര്‍ക്കും മലാശയ അര്‍ബുദത്തിനുള്ള സാധ്യതകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മുന്‍പൊക്കെ പ്രായമായവരിലാണ് ഈ അര്‍ബുദം കണ്ടുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ ചെറുപ്പക്കാര്‍ ഈ അര്‍ബുദത്തിന് ഇരയാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അലസമായ ജീവിതശൈലിയാണ് ഇതിന്റെ പ്രധാനകാരണമെന്ന് കരുതപ്പെടുന്നു. പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്, മലവിസര്‍ജ്ജനത്തില്‍ മാറ്റങ്ങള്‍,വയറില്‍ വേദന, നിരന്തരമായ അതിസാരം, മലബന്ധം, മലത്തില്‍ രക്തം തുടങ്ങിയവയെല്ലാം കോളോറെക്ടല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കോളോ റെക്ടൽ കാൻസർ സാധ്യത 40 ശതമാനം വരെ കുറയ്ക്കുമെന്ന് അമേരിക്കയിലെ വാൻഡർബിൽറ്റ് സർവകലാശാല നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, ശാരീരിക അധ്വാനം വര്‍ധിപ്പിക്കുക, മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗം പരിമിതപ്പെടുത്തുക, ഫൈബര്‍ കുറഞ്ഞതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണം ഒഴിവാക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നിവയെല്ലാം മലാശ അര്‍ബുദ സാധ്യത ഗണ്യമായി കുറയ്ക്കും.