റിയാദ്: ചരിത്രത്തിലാദ്യമായി വര്‍ണാഭമായി പുതുവത്സരം ആഘോഷിച്ച് സൗദി അറേബ്യ. പാട്ടും നൃത്തവും വെടിക്കെട്ടുമായി വർണശബളമായ ആഘോഷമാണ് റിയാദിൽ അരങ്ങേറിയത്. റിയാദ് സീസൺ വേദികളിൽ ശനിയാഴ്ച രാത്രി നടന്ന പരിപാടികളിൽ യുവജനങ്ങളുടെ വൻ സാന്നിദ്ധ്യമാണുണ്ടായത്.
അറബ് ലോകത്തെ പ്രമുഖ ഗായകരെ അണിനിരത്തി റിയാദ് ബോളിവാഡിൽ നടന്ന ട്രിയോ നൈറ്റ് സംഗീത പരിപാടിക്കിടെയാണ് പുതുവത്സരം കടന്നെത്തിയത്. പുതുവത്സരത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ നടന്ന ഏറ്റവും പ്രധാന പരിപാടിയും ഇതായിരുന്നു. അറബ് ലോകത്തെ ഗായകരായ ജോർജ് വസൂഫ് അബൂ വദീഅ്, നജവ കറം, ആസി അൽഹലാനി, ലത്തീഫ, നാൻസി അജ്റം, അൻഗാം, ബഹാ സുൽത്താൻ, നവാൽ അൽസഗ്ബി, വാഇൽ കഫൂരി, അബ്ദുല്ല അൽമാനിഅ്, വലീദ് തൗഫീഖ്, സാബിർ അൽറുബാഇ, അസാല, അലീസ എന്നിവരാണ് ബോളിവാഡ് മുഹമ്മദ് അബ്ദു തിയേറ്ററിൽ നടന്ന സംഗീത രാവിൽ ആവേശത്തിരയിളക്കിയത്.