തൃശൂര്‍: പൂരപ്രേമികള്‍ക്കുമുന്നില്‍ നിറക്കാഴ്ചയൊരുക്കി കുടമാറ്റം. തെക്കേ ഗോപുരനടയില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി വാനിലേയ്ക്കുയര്‍ത്തിയത് വര്‍ണ്ണാഭമായ കുടകള്‍. തെക്കോട്ടിറങ്ങിയ പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ പരസ്പരം അഭിമുഖമായി നിന്നതോടെ വരാന്‍ പോകുന്ന വര്‍ണ്ണക്കാഴ്ചകള്‍ക്ക് സ്വാഗതമോതിക്കൊണ്ട് ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. ആകാംക്ഷാഭരിതമായ നിമിഷങ്ങള്‍ക്ക് വിരാമമിട്ട് ഇരുവിഭാഗത്തിന്റെയും വര്‍ണ്ണക്കുടകള്‍ വാനിലേയ്ക്കുയര്‍ന്നു തുടങ്ങി. നടുക്ക് നിലയുറപ്പിച്ച പൂരപ്രേമികളുടെ കണ്ണുകള്‍ ഇമചിമ്മാതെ ഇടംവലം നോക്കിക്കൊണ്ടിരുന്നു. എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ടും ഇടയ്ക്ക് അമ്പരപ്പിച്ചു കൊണ്ടും ഇരുവിഭാഗങ്ങളും തങ്ങളുടെ സ്‌പെഷ്യല്‍ കുടകള്‍ പുറത്തെടുത്തപ്പോള്‍ പൂരനഗരിയില്‍ നിന്നും ആവേശത്താല്‍ ആര്‍പ്പുവിളികളുയര്‍ന്നു.
വടക്കുംനാഥന്റെ പ്രഭാമണ്ഡല മാതൃകയും ഭക്ത ഹനുമാനും ചക്കുളത്തുകാവ് അമ്മയും കൂടാതെ എല്‍ ഇ ഡി വെളിച്ചത്തില്‍ തിളങ്ങിയ തിരുവമ്പാടി ക്ഷേത്രമാതൃകയും ദേവീ ദേവന്‍മാരുമൊക്കെയായിരുന്നു ഇത്തവണത്തെ സ്‌പെഷ്യല്‍ കുടകളായി ആകാശത്ത് വിരിഞ്ഞത്. ഇരുകൂട്ടരും രഹസ്യമാക്കിവെച്ചിരുന്ന സര്‍പ്രൈസ് കുടകള്‍ എല്ലാം കണ്ട സന്തോഷത്തോടെയാണ് തെക്കേ ഗോപുരനടയില്‍ ഒത്തുകൂടിയവര്‍ പിരിഞ്ഞത്. അടുത്ത കുടമാറ്റം കാണാനായി ഇനി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പാണ്.