ബെംഗളൂരു: എൻഡിഎ സ്ഥാനാർഥിയും അനന്തരവനുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസിൽ പ്രതികരണവുമായി മുൻ കർണാടക മുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ എച്ച്ഡി കുമാരസ്വാമി. ലൈംഗികാരോപണ കേസിലെ അന്വേഷണത്തിൽ ഇന്ത്യയിലേക്ക് മടങ്ങി വന്ന് സഹകരിക്കണമെന്ന് പ്രജ്വൽ രേവണ്ണയോട് കുമാരസ്വാമി ആവശ്യപ്പെട്ടു.
പ്രജ്വൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തണം. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ ഹാജരായി കുടുംബത്തിൻ്റെ അന്തസ്സ് സംരക്ഷിക്കണമെന്നും കുമാരസ്വാമി പറഞ്ഞു. ‘നമ്മുടെ കുടുംബത്തിൻ്റെ മാനം രക്ഷിക്കൂ. എസ്ഐടി അന്വേഷണവുമായി സഹകരിക്കൂ. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് ഭയപ്പെടണം’- കുമാരസ്വാമി പറഞ്ഞു. നേരത്തെ, പ്രജ്വൽ മാത്രമല്ല കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും എച്ച്ഡി ദേവഗൗഡയും ആവശ്യപ്പെട്ടിരുന്നു.