ഹൈദരാബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഓഫീസർ പിടിയിൽ. അഴിമതി വിരുദ്ധ ബ്യൂറോയാണ് (എസിബി) 35,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടാക്സ് ഓഫീസറെ കയ്യോടെ പിടികൂടിയത്. ഹൈദരാബാദിലെ നാരായൺഗുഡ സർക്കിളിലെ ഡെപ്യൂട്ടി കൊമേഴ്‌സ്യൽ ടാക്സ് ഓഫീസറായ ബി വസന്ത ഇന്ദിരയെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4.50നാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥയെ എസിബി ഉദ്യോഗസ്ഥർ കൈയോടെ പിടികൂടിയത്. കമ്പനിയുടെ അക്കൗണ്ടിലെ പൊരുത്തക്കേടുകളിൽ നടപടിയെടുക്കാതിരിക്കാൻ ഒരു വ്യക്തിയിൽ നിന്ന് 35,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. വാങ്ങിയ കൈക്കൂലി വസന്ത ഇന്ദിരയിൽ നിന്ന് കണ്ടെടുത്തു,
എസിബി ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകെട്ടുകളാണ് വസന്ത ഇന്ദിരയ്ക്ക് നൽകിയത്. പിന്നാലെ എസിബി ഉദ്യോഗസ്ഥർ ടാക്സ് ഓഫീസറുടെ ഓഫീസിലെത്തി. രാസ ലായനിയിൽ കൈകൾ മുക്കി നടത്തിയ പരിശോധനയിൽ നിറം മാറിയതോടെ വസന്ത ഇന്ദിരയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉദ്യോഗസ്ഥയെ എസ്‍പിഇ, എസിബി കേസുകൾ പരിഗണിക്കുന്ന ഹൈദരാബാദിലെ നാമ്പള്ളി പ്രിൻസിപ്പൽ സ്‌പെഷ്യൽ ജഡ്ജിന് മുന്നിൽ ഹാജരാക്കും.