തിരുവനന്തപുരം: ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷമുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മിഷൻ. സംഘാടകർക്കെതിരെ കേസ് എടുക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. ബാലനീതി നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി.
ശനിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ 10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് പ്രകോപനപരമായ മുദ്രവാക്യം വിളിക്കുകയും മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെത്തുടർന്ന് പൊലീസ് കേസെടുത്തെങ്കിലും ആരെയും പ്രതിചേർത്തിട്ടില്ല.
കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും തിരുത്തൽ നടപടി സ്വീകരിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പ്രതികരിച്ചു.