മനാമ: കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ബഹ്റൈനില്‍ റസ്റ്റോറന്റ് വെയിറ്ററായി ജോലി ചെയ്തിരുന്ന യുവാവിനെ താമസ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടിലുള്ള തന്റെ കാമുകി, സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട മറ്റൊരാളെ വിവാഹം കഴിച്ച വിവരമറിഞ്ഞ് അര്‍ജുന്‍കുമാര്‍ ഏറെ ദുഃഖിതനായിരുന്നുവെന്നും മരിക്കുന്നതിന് തൊട്ടു തലേദിവസം ഇക്കാര്യം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ ഇട്ടിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ‘ഞാന്‍ മരണപ്പെട്ടാല്‍ പിന്നെ ആര്‍ക്കും എന്നെ വേദനിപ്പിക്കാന്‍ കഴിയില്ലെന്ന’ തമിഴ് വരികളാണ് അവസാനമായി സ്റ്റാറ്റസ് ഇട്ടിരുന്നത്. ഇത് കണ്ട് സുഹൃത്തുക്കളും ബന്ധുക്കളും യുവാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിറ്റേദിവസം രാവിലെ അര്‍ജുന്‍കുമാറിന്റെ മരണവാര്‍ത്തായാണ് അവരെ തേടിയെത്തിയത്.
എട്ട് മാസം മുമ്പാണ് അര്‍ജുന്‍ ബഹ്റൈനിലെത്തിയത്. നാട്ടിലുള്ള ഒരു യുവതിയുമായി കുറച്ചുനാളായി ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ പിന്നീട് യുവതി, സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട മറ്റൊരാളുമായി അടുപ്പത്തിലാവുകയും അടുത്തിടെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇതോടെ മാനസികമായി തകര്‍ന്ന യുവാവിനെ സമാധാനിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും സാധിച്ചില്ല. താമസ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഒരു സുഹൃത്താണ് പുലര്‍ച്ചെ കണ്ടെത്തിയത്.
അതേ സമയം അര്‍ജുന്‍ മരണപ്പെട്ട ശേഷം കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അര്‍ജുന്റെ സഹോദരന്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകരുമായും എംബസി ഉദ്യോഗസ്ഥരുമായും സംസാരിച്ചിട്ടുണ്ടെന്നും മൃതദേഹം ഉടന്‍ തന്നെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. സംഭവം എംബസിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മരണപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങളോടും ഇയാളുടെ തൊഴിലുടമയോടും ബഹ്റൈന്‍ അധികൃതരോടും ആശയ വിനിമയം നടത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.