ഹൈദരാബാദ്: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കൊമ്മട്ടിറെഡ്ഢി രാജഗോപാൽ റെഡ്ഢി ബിജെപി അംഗത്വം രാജി വെച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് രാജ് ഗോപാൽ റെഡ്ഢി കോൺഗ്രസ് എംഎൽഎ സ്ഥാനം രാജി വെച്ച് ബിജെപിയിൽ ചേർന്നത്. ഇദ്ദേഹം തിരികെ കോൺഗ്രസിലേക്കാണെന്നാണ് സൂചന. മുനുഗോഡെ മണ്ഡലത്തിലെ സ്ഥാനാർഥിയെ കോൺഗ്രസ് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റ് ഇദ്ദേഹത്തിനായി ഒഴിച്ചിട്ടതാണെന്ന് അഭ്യൂഹമുണ്ട്.
ബിജെപിയിൽ പ്രതീക്ഷിച്ച സ്ഥാനം കിട്ടാത്തതിലെ അതൃപ്തിയാണ് രാജിക്ക് കാരണം. ഒക്ടോബർ 2-ന് അമിത് ഷാ തെലങ്കാനയിൽ എത്തുന്നതിന് മുൻപ് കോൺഗ്രസിൽ ചേരുന്നുവെന്ന പ്രഖ്യാപനം നടത്തിയേക്കും. മുനുഗോഡെ എംഎൽഎ ആയിരുന്ന രാജ് ഗോപാൽ റെഡ്ഢി കോൺഗ്രസിലെ മുതിർന്ന നേതാവും എംപിയുമായ കൊമ്മട്ടി റെഡ്ഢി വെങ്കട്ട് റെഡ്ഢിയുടെ സഹോദരനാണ്. എംഎൽഎ സ്ഥാനം രാജി വെച്ചതിനെത്തുടർന്ന് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. അന്ന് ബിആർഎസ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയായിരുന്നു. ഇത്തവണ ബിജെപിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്ന് രാജ് ഗോപാൽ റെഡ്ഢി വ്യക്തമാക്കിയിരുന്നു.