കമ്പനികൾ വിറ്റ് കടബാധ്യത തീർക്കാനുള്ള നീക്കവുമായി ബൈജൂസ്. രണ്ട് പ്രധാന ആസ്തികളായ എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് നിലവിലെ നീക്കം. കടത്തിൽ നിന്ന് പുറത്ത് കടക്കാനും ബിസിനസ്സ് തിരികെ കൊണ്ടുവരാനുമുള്ള പദ്ധതിയുടെ ഭാഗമാണ് വിൽപ്പന. അതേസമയം ആറ് മാസത്തെ സാവകാശം ലഭിച്ചാൽ 1.2 ബില്യൺ ഡോളർ (9800 കോടി രൂപ) വായ്പ തിരിച്ചടക്കാമെന്ന വാഗ്ദാനം വായ്പാ ദാതാക്കള്‍ക്ക് മുന്നില്‍ കഴിഞ്ഞദിവസം ബൈജൂസ് വ്യക്തമാക്കിയിരുന്നു. മുപ്പത് കോടി ഡോളർ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലും ബാക്കി തുക പിന്നീടുള്ള മൂന്ന് മാസത്തിനുള്ളിൽ തിരിച്ചടയ്ക്കാമെന്നുമായിരുന്നു ബൈജൂസിന്റെ വാഗ്ദാനം.
വായ്പാത്തിരിച്ചടവ് സംബന്ധിച്ച് വായ്പാദാതാക്കളുമായി നിയമപോരാട്ടം നടക്കുന്നതിനിടെയാണ് പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസിന്റെ തിരിച്ചടവ് വാഗ്ദാനം. എന്നാൽ ബൈജൂസിന്റെ തിരിച്ചടവ് വാഗ്ദാനത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നും എങ്ങനെ ഫണ്ട് ചെയ്യുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ തേടുമെന്നും വായ്പാദാതാക്കൾ വ്യക്തമാക്കിയതായി ബ്ലുംബർഗ് റിപ്പോർട്ടുചെയ്യുന്നു.