മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി. സിഇഒ സത്യ നാദെല്ല തന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ മികച്ച പ്രകടനത്തിലൂടെ കമ്പനിയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്ന് അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു.
അതേസമയം മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ശമ്പളം 25 ശതമാനത്തോളമാണ് ഉയരുക. മറ്റുള്ളവര്‍ക്ക് കൂടുതല്‍ വര്‍ധന ലഭിക്കും. കരിയറിന്റെ ആരംഭ-മധ്യ ഘട്ടങ്ങളിലുള്ളവര്‍ക്ക് ശമ്പള വര്‍ധനവിന്റെ പ്രയോജനം കൂടുതലായി ലഭിക്കുമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആമസോണും ജനുവരിയില്‍ ഗൂഗിളും ജീവനക്കാരുടെ ശമ്പളം ഏകദേശം ഇരട്ടിയാക്കി വര്‍ധിപ്പിച്ചിരുന്നു. വന്‍കിട ആഗോള കമ്പനികളില്‍നിന്ന് വലിയതോതില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ശമ്പളവര്‍ധന കൊണ്ടുവരാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.