ജിദ്ദ: ജിദ്ദയില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.
2009ല്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള പരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസക്ഷ വക്താവ് മുഹമ്മദ് ഉബൈദ് അല്‍ബുക്മി അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച അടച്ച തായിഫ് റോഡ് തുറന്നതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. റോഡുകളിലുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യലും ശുചീകരണ പ്രവര്‍ത്തനങ്ങളും മരങ്ങള്‍ നീക്കം ചെയ്യലും മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ തുടരുകയാണ്. 2009ന് ശേഷം ജിദ്ദയില്‍ പെയ്ത ഏറ്റവും ഉയര്‍ന്ന മഴയാണ് വ്യാഴാഴ്ചത്തേതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്ത്വാനി പറഞ്ഞു.