എറണാകുളം : പാലിയേക്കര ടോള്‍ പിരിവ് വിലക്കിയ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ടോള്‍ പിരിവ് കമ്പനിക്ക് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഗുരുവായൂര്‍ ഇന്‍ഫ്രസ്ട്രക്ച്ചര്‍ കമ്പനിക്കാണ് ദേശീയപാത അതോറിറ്റി തുക നല്‍കേണ്ടത്. ടോള്‍ പിരിവ് തടസപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കണം എന്നാണ് കരാറിലെ വ്യവസ്ഥ. അടിപ്പാത നിര്‍മാണത്തെ തുടര്‍ന്ന് മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയില്‍ രൂപപ്പെട്ട മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിലായിരുന്നു ഇന്നലെ കോടതി നടപടി. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള പിഎസ്‌ഐ എന്ന കമ്പനിയാണ് അടിപ്പാത നിര്‍മാണവുമായി മുന്നോട്ട് പോകുന്നത്.
ഈ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഗതാഗതക്കുരുക്കിലേക്ക് അടക്കം നയിച്ചതെന്നാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ, നിലവില്‍ ടോളിന് ആനുപാതികമായ തുക എത്രയാണോ അത് കമ്പനിക്ക് കൈമാറേണ്ടി വരും. കടന്നു പോകുന്ന വാഹനങ്ങളുടെ കണക്ക് ഇപ്പോഴും കമ്പനി രേഖപ്പെടുത്തുന്നുണ്ട്. അതിനനുസരിച്ചുള്ള തുക നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്ന് ഈടാക്കാനാണ് ആലോചിക്കുന്നത്.