ശ്രീകണ്ഠപുരം: പിണറായി സർക്കാർ അധികാരമേറ്റ് ആറ് വർഷവും മത്സരമില്ലാതിരുന്ന ജില്ലയിലെ പൊലീസ് അസോസിയേഷനിൽ ഇത്തവണ യു.ഡി.എഫ് -എൽ.ഡി.എഫ് അനുകൂലികൾ ഏറ്റുമുട്ടുന്നു. പൊലീസ് റൂറൽ ജില്ലയിൽ മൂന്നിടത്തും സിറ്റി ജില്ലയിൽ രണ്ടിടത്തുമാണ് യു.ഡി.എഫ് പാനലിൽ പൊലീസുകാർ മത്സരിക്കുന്നത്.തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. 54 പേരെ തിരഞ്ഞെടുക്കേണ്ട സിറ്റി ജില്ലയിൽ 52 ഇടങ്ങളിലും 30 പേരെ തിരഞ്ഞെടുക്കേണ്ട റൂറലിൽ 27 ഇടങ്ങളിലും മത്സരമില്ല. നിലവിലെ അസോസിയേഷൻ അനുകൂലികൾ തന്നെയാണ് ഇവിടങ്ങളിൽനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. റൂറൽ ജില്ല പ്രസിഡന്റ് കെ. സാഹിദ വനിത സെല്ലിൽനിന്നും സെക്രട്ടറി പ്രിയേഷ് മാതമംഗലം ജില്ല ആസ്ഥാനത്തുനിന്നും എതിരില്ലാതെ തിരഞ്ഞെടുത്തു.
ശ്രീകണ്ഠപുരം, പരിയാരം, പഴയങ്ങാടി, മട്ടന്നൂർ, വളപട്ടണം എന്നീ സ്റ്റേഷനുകളിലാണ് മത്സരം. മുൻ യു.ഡി.എഫ് അനുകൂല അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.വി. രജീഷ് ശ്രീകണ്ഠപുരം സ്റ്റേഷനിൽനിന്നും എ.പി. മുക്താർ വളപട്ടണം സ്റ്റേഷനിൽ നിന്നുമാണ് മത്സരിക്കുന്നത്. പരിയാരം സ്റ്റേഷനിൽ സോജി അഗസ്റ്റിൻ, പഴയങ്ങാടിയിൽ ചന്ദ്രകുമാർ, മട്ടന്നൂരിൽ കെ. ലിവിൻ എന്നിങ്ങനെയാണ് യു.ഡി.എഫ് പാനലിൽ മത്സരിക്കുന്ന മറ്റ് സ്ഥാനാർഥികൾ. പത്രിക പിൻവലിക്കേണ്ട അവസാന ദിനം വെള്ളിയാഴ്ചയായിരുന്നു. യു.ഡി.എഫ് സംസ്ഥാനതല തീരുമാനത്തിന്റെ ഭാഗമായാണ് ഇവർ ഇത്തവണ മത്സരത്തിനിറങ്ങുന്നത്.