തൃശൂര്‍: മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീടുകളിൽ വിതരണം ചെയ്യുന്നതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായി കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
സംസ്ഥാന സർക്കാർ പണം ഉപയോഗിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച 16 പേജുള്ളതാണ് നിയമസഭ പ്രസംഗം. എൽ.ഡി.എഫ് പ്രവർത്തകർ വിതരണം ചെയ്യുന്ന ഈ പ്രസിദ്ധീകരണം കണ്ടുകെട്ടണമെന്നും പ്രസിദ്ധീകരിച്ചവർക്കും വിതരണം ചെയ്തവർക്കുമെതിരെ നടപടി കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂരും പങ്കെടുത്തു.