പിറവം : മണീടിനടുത്ത് നെച്ചൂരിൽ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നതായി പരാതി. വീട്ടുകാർ പള്ളിയിൽ പെരുന്നാളിന് പോയ സമയത്താണ് മോഷണം നടന്നത്. നെച്ചൂർ വൈ.എം.സിഎയ്ക്ക് സമീപം താമസിക്കുന്ന ഐക്യനാംപുരത്ത് ബാബു ജോണിന്റെ വീട്ടിൽ ചൊവ്വാഴ്ച രാത്രി 7 നും 11 നും ഇടയ്ക്ക് മോഷണം നടന്നത്. സ്വർണ്ണത്തിനും പണത്തിനുമൊപ്പം ഇവിടെയുണ്ടായിരുന്ന സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കും കള്ളൻ അപഹരിച്ചു. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് കള്ളൻ വീടിനുള്ളിൽ കടന്നത്. ശേഷം കിടപ്പുമുറിയിലെ അലമാര പൊളിച്ച് സ്വർണവും പണവും കവരുകയായിരുന്നു. വൈകുന്നേരം 7 മണിക്ക് വീട്ടുകാർ പള്ളിയിൽ പോകുകയും 11 മണിക്ക് തിരിച്ചെത്തുകയും ചെയ്തു. ഈ സമയമാണ് മോഷണം നടന്നത്. സംഭവത്തിൽ പിറവം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിലരടയാള വിദഗ്ദ്ധരും രാവിലെ വീട്ടിലെത്തി പരിശോധന നടത്തി.