കൊച്ചി : നടിയെ അക്രമിച്ച കേസിൽ (Actress attack case) അന്വേഷണം കോടതി ജീവനക്കാരിലേക്കും. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും. 2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തോട് കോടതി റിപ്പോർട്ട് തേടി.
നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചനാക്കേസിലും അന്വേഷണം വേഗത്തിലാക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ദിലീപിന്‍റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കാവ്യ മാധവന്‍റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയശേഷം നോട്ടീസ് നൽകി വിളിച്ചുവരുത്തും. ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം ഇവരെ വിളിപ്പിച്ചെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് നൽകിയത്. അടുത്തയാഴച ഇരുവരേയും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഇവരുടെ പക്കൽ എത്തിയോ എന്നാണ് പരിശോധന നടത്തുന്നത്.
ദീലിപിന്‍റെ ഫോണിലെ ദൃശ്യങ്ങൾ മായിച്ചു കളഞ്ഞ സൈബർ ഹാക്കർ സായി ശങ്കറിനെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘമാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതിന് തുടർച്ചയായിട്ടാണ് വധഗൂഡാലോചനാക്കേസിലെ അന്വേഷണസംഘം ദിലീപിന്‍റെ അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നോട്ടീസ് നൽകുക. ഇരുവരുടെയും നിർദേശപ്രകാരമാണ് ദിലീപിന്‍റെ ഫോണിലെ ഡേറ്റ നീക്കിയതെന്നാണ് മൊഴി.
നിലവിലെ സാഹചര്യത്തിൽ തെളിവ് നശിപ്പിച്ചതിന് അഭിഭാഷകരെ പ്രതി ചേർക്കാമെന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാകാനിടയായ സാഹചര്യം വീണ്ടും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു വാര്യർ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പ്രധാനപ്പെട്ടതാണ്. കൊച്ചിയിൽ നടന്ന മഴവില്ലഴികിൽ അമ്മ എന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ നന്ന ചില സംഭവങ്ങൾ സംബന്ധിച്ചാണ് കൂടുതൽ വിവരങ്ങൾ കിട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിസ്താരത്തിനിടെ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിളിച്ചു വരുത്തും. എന്നാൽ കാവ്യാ മാധവനെ പ്രതി ചേർക്കണോയെന്ന കാര്യത്തിൽ കുറച്ചുകൂടി കാത്തിരിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. കാവ്യയ്ക്കെതിരായ ചില ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം കാവ്യയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നിലവിലെ ധാരണ. അടുത്തയാഴ്ച ഹൈക്കോടതിയിൽ നൽകുന്ന അന്വേഷണപുരോഗതി റിപ്പോർട്ടിലും പരാർമശമുണ്ടാകും.