ആലത്തൂര്‍ : പാലക്കാട് ആലത്തൂരിൽ രണ്ട് സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടി. പോക്സോ കേസ് ഒഴിവാക്കാൻ പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രണ്ടു പേരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സിപിഎം ആലത്തൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ തരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
ട്യൂഷൻ സെന്‍ററിലെ അധ്യാപകനെതിരായ പോക്സോ കേസ് ഒഴിവാക്കുന്നതിന് പാർട്ടിയെ അറിയിക്കാതെ പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇതോടെയാണ് തരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി വാസു, എസ് രാജേഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. പ്രതിയിൽ നിന്നും വൻതുക കൈപ്പറ്റി ഇരയ്ക്ക് തുച്ഛമായ തുക നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
വിഷയം പാർട്ടി അന്വേഷിച്ച് ഏരിയ കമ്മിറ്റി അംഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. ഇരുവരെയും ഒരു വർഷത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. അതേസമയം, വ്യക്തിവൈരാഗ്യം തീർക്കലാണ് സംഭവത്തിന് പിന്നിൽ എന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. പാർട്ടി നടപടിയെ കുറിച്ച് തൽക്കാലം പ്രതികരിക്കാനില്ലെന്ന് നടപടി നേരിട്ട അംഗങ്ങൾ വിശദീകരിച്ചത്.