പാലക്കാട് : കിറ്റക്സ് അനധികൃതമായി വെള്ളമൂറ്റുന്നുവെന്ന പരാതിയില്‍ നടപടിയുമായി ജലസേചന വകുപ്പ്. പെരിയാർ വാലി കാരുകുളം കനാലിൽ നിന്നുള്ള പൈപ്പുകൾ ഉടൻ നീക്കണമെന്ന് ജലസേചന വകുപ്പ് നിര്‍ദ്ദേശം നല്‍കി. കിറ്റക്സിന്റെ സ്ഥലത്ത് കൃഷി നടക്കുന്നില്ലെന്ന് ജലസേചന വകുപ്പ് കണ്ടെത്തി. കനാലിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന പരാതിയിലും നടപടി സ്വീകരിക്കും. കനാലിന് മുകളിലൂടെയുള്ള മാലിന്യപൈപ്പ് കിറ്റക്സ് ഉടൻ നീക്കണമെന്നാണ് ജലസേചന വകുപ്പിന്റെ നിര്‍ദ്ദേശം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ജലസേചന വകുപ്പ് കിറ്റക്സിന് നോട്ടീസ് അയച്ചു.
പെരിയാർവാലി കനാൽ സന്ദർശിക്കാനെത്തിയ കുന്നത്തുനാട് എംഎൽഎ ശ്രീനിജനും കിറ്റക്സ് തൊഴിലാളികളും തമ്മിൽ കഴിഞ്ഞ ദിവസം തർക്കം നടന്നിരുന്നു. പെരിയാർവാലി കനാലിലെ വെള്ളം നാട്ടുകാർക്ക് ലഭിക്കാത്തത് പരിശോധിക്കാനാണ് ശ്രീനിജൻ എത്തിയത്. കനാലിലെ വെള്ളം കിറ്റക്സ് നിർമ്മാണ പ്രവർത്തികൾക്കായി ഉപയോഗിക്കുന്നുവെന്നും അത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിൽ വെള്ളം ഉപയോഗിക്കുന്നില്ലെന്നാണ് കിറ്റക്സ് കമ്പനിയുടെ വാദം.