തിരുവല്ല ∙ ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന യുവാവിന്റെ പരാതിയിൽ, ജില്ലയിലെ പൊലീസ് സേന ഒരു രാത്രി മുഴുവൻ തെരുവിലലഞ്ഞു. ഒടുവിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ യുവതിയെയും കുഞ്ഞിനെയും കാമുകനൊപ്പം കണ്ടെത്തിയപ്പോൾ കഥയാകെ മാറി. 3 വയസ്സുകാരിയായ മകളുടെയും വിശദീകരണം കേട്ടു ഞെട്ടിയ പൊലീസ്, പരാതി നൽകിയ യുവതിയുടെ ഭർത്താവിനെതിരെ കേസെടുക്കുന്നതിനു നിയമോപദേശം തേടി.
തിങ്കൾ രാത്രി പത്തരയോടെയാണ് പൊലീസിനു പരാതി ലഭിക്കുന്നത്. കുറ്റൂരിലെ തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച് ശേഷം ബൈക്കിൽ മടങ്ങുകയായിരുന്ന തിരുമൂലപുരം സ്വദേശികളായ ഭാര്യയും ഭർത്താവും 3 വയസ്സുകാരിയായ മകളുമടങ്ങുന്നവരെ കാറിലെത്തി തടഞ്ഞുനിർത്തി യുവതിയെയും മകളെയും തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഉടൻ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ച് അന്വേഷണം നടത്തി.
അവസാനം ഇന്നലെ ഉച്ചയ്ക്ക് പന്തളത്തിനു സമീപത്തു കാറിൽ സഞ്ചരിക്കുകയായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ കാമുകനെയും യുവതിയെയും കുഞ്ഞിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ, കുട്ടി നൽകിയ വിവരമനുസരിച്ച് ഇന്നലെ രാവിലെയാണ് കാമുകി കുട്ടിയെയും കൂട്ടി കാമുകനോടൊപ്പം പോയത്. ഇവർ താമസിച്ച സ്ഥലവും പോയ പ്രദേശങ്ങളും ടവർ ലൊക്കേഷനിലൂടെ പൊലീസ് സ്ഥിരീകരിച്ചു. ഭർത്താവിനെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യ കാമുകനോടൊപ്പം നേരത്തേ രണ്ടു പ്രാവശ്യം ഒളിച്ചോടിയിരുന്നുവെന്നറിഞ്ഞത്. വിവാഹ മോചനത്തിനു ഭർത്താവ് സമ്മതിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.