മലപ്പുറം: വിവാദ യൂട്യൂബർ കണ്ണൂർ കല്യാശ്ശേരി സ്വദേശി ‘തൊപ്പി’ എന്ന നിഹാദിന്‍റെ അശ്ലീല സംഭാഷണങ്ങളടങ്ങിയ വിഡിയോകൾ യൂട്യൂബിൽ നിന്നും സാമൂഹികമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ നടപടി വേണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്.പിക്ക് പരാതി നൽകി. കുളത്തൂർ സ്വദേശി അമീർ അബ്ബാസ്, മുഹമ്മദ് കുട്ടി മാടശ്ശേരി, എം.ടി. മുർഷിദ് എന്നിവരാണ് പരാതിക്കാർ.
വളാഞ്ചേരിയിൽ പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ നിഹാദിനെ അറസ്റ്റ് ചെയ്തെങ്കിലും അവിടെ നടത്തിയ അശ്ലീല സംഭാഷണങ്ങളടങ്ങിയ വിഡിയോകൾ പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വരെ ലഭ്യമാണ്. കുട്ടികളെ അസാന്മാർഗികതയിലേക്ക് നയിക്കുന്നതാണ് നിഹാദിന്‍റെ വിഡിയോ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് നിഹാദിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാലാവകാശകമീഷനും ചൈൽഡ് ലൈനും പരാതി നൽകിയിട്ടുണ്ട്.