കാസര്‍കോട്∙ കാസര്‍കോട് ഗവ.കോളജില്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ടെന്ന വിവാദത്തില്‍ എസ്എഫ്ഐയ്ക്കെതിരെ മുന്‍ പ്രിന്‍സിപ്പല്‍ എം.രമ. റാഗിങ്ങിനും ലഹരി ഉപയോഗത്തിനും എസ്എഫ്ഐക്കാര്‍ക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നു. ഇതിനെതിരായ നടപടികളാണ് അവരെ പ്രകോപിപ്പിച്ചതെന്ന് എം.രമ പറഞ്ഞു. കുടിവെള്ളം മലിനമായ പ്രശ്നം കോളജില്‍ ഉണ്ടായിട്ടില്ല. തന്റെ ഭാഗം കേള്‍ക്കാതെയാണ് പ്രതികാര നടപടിയെടുത്തെന്നും രമ പറഞ്ഞു.
അതേസമയം എം.രമയുടെ ആരോപണങ്ങൾക്കെതിരെ എസ്എഫ്ഐ രംഗത്തുവന്നു. പ്രിൻസിപ്പലിനെതിരെ പരാതി ഉയർന്നതിന്റെ പേരിലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രിൻസിപ്പലിനെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന വാദം തെറ്റാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അവ വ്യക്തമാകുമെന്നും എസ്എഫ്ഐ കോളജ് യൂണിറ്റ് സെക്രട്ടറി എം.കെ.അക്ഷയ് പറഞ്ഞു.