ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ സർക്കാർ സ്‌കൂളിൽ കമ്പ്യൂട്ടർ അധ്യാപകൻ ദളിത് വിദ്യാർഥികളെയടക്കം 12 പെൺകുട്ടികളെ പീഡിപ്പിച്ചതായി പൊലീസ്അറിയിച്ചു. സംഭവത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ മുഹമ്മദ് അലി, പ്രധാനാധ്യാപകൻ അനിൽകുമാർ, അസി. അധ്യാപിക സാജിയ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. തിൽഹാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജൂനിയർ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന 12ഓളം പെൺകുട്ടികളെ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ മുഹമ്മദ് അലി പീഡിപ്പിച്ചതായി സർക്കിൾ ഓഫീസർ (തിൽഹാർ) പ്രിയങ്ക് ജെയിൻ പിടിഐയോട് പറഞ്ഞു. തുടക്കത്തിൽ ത്നനെ ചില പെൺകുട്ടികൾ മുഹമ്മദ് അലിയെക്കുറിച്ച് പ്രധാനാധ്യാപകൻ അനിൽകുമാറിനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.
സജിയയ്ക്കും ഈ വിഷയത്തിൽ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. പീഡനത്തിനിരയായ വിദ്യാർഥിനി വീട്ടുകാരെ വിവരം അറിയിച്ചതോടെ സംഭവം പൊലീസിനെ അറിയിച്ചു. സംഭവത്തിന് പിന്നാലെ, വീട്ടുകാരും നാട്ടുകാരും സ്‌കൂളിലെത്തി ബഹളമുണ്ടാക്കി. മൂന്ന് പ്രതികൾക്കെതിരെയും പട്ടിക ജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രഥമദൃഷ്ട്യാ, കമ്പ്യൂട്ടർ അധ്യാപകൻ തെറ്റുകാരനാണെന്ന് തോന്നുന്നുവെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.