കംപ്യൂട്ടറും ഇന്റർനെറ്റും ഒക്കെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുമ്പോൾ പൊതുവേ പറഞ്ഞാൽ, കംപ്യൂട്ടർ സ്ക്രീനും നമ്മുടെ കണ്ണും തമ്മിൽ 40 മുതൽ 60 സെന്റിമീറ്റർ വരെ അകലം (ഏകദേശം കയ്യുടെ നീളം–Arm length) ഉണ്ടായിരിക്കണം. കണ്ണിനു പ്രയാസം ഉണ്ടാകാത്ത രീതിയിൽ വെളിച്ചം ഉള്ള സ്ഥലത്തു വച്ചു വേണം കംപ്യൂട്ടർ ഉപയോഗിക്കേണ്ടത്.
വളരെ ബ്രൈറ്റ് ആയ വെളിച്ചവും കണ്ണിനു സുഖപ്രദമല്ല. അതുപോലെ കംപ്യൂട്ടർ സ്ക്രീനിന്റെ വെളിച്ചവും (contrast)കണ്ണിനു സുഖപ്രദമായ രീതിയിൽ നിയന്ത്രിക്കണം. കഴിയുന്നതും പുറം നേരെ വച്ചു കൊണ്ടിരിക്കണം. കണ്ണും കംപ്യൂട്ടർ സ്ക്രീനിന്റെ മുകൾഭാഗവും ഒരേ ലെവലിൽ അല്ലെങ്കിൽ കംപ്യൂട്ടർ സ്ക്രീനിലേക്ക് അൽപം താഴേക്കു നോക്കുന്ന രീതിയിൽ ആയിരിക്കണം.
തുടർച്ചയായി ചടഞ്ഞിരിക്കുന്നതും കൂടുതൽ കുനിഞ്ഞു നോക്കുകയോ മുകളിലേക്കു നോക്കുകയോ ചെയ്യുന്നതും കണ്ണിനു ആയാസമുണ്ടാക്കും. ഒരു മണിക്കൂറിൽ കൂടുതൽ സമയം കംപ്യൂട്ടർ ഉപയോഗിക്കേണ്ടി വരുന്നുവെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ കഴിയുമ്പോൾ 5–10 മിനിറ്റ് കംപ്യൂട്ടർ നോക്കാതെ മാറിയിരിക്കുന്നത് നന്നായിരിക്കും. അതുപോലെ കൂടെക്കൂടെ കണ്ണടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത് കണ്ണു വരണ്ടു പോകാതിരിക്കാൻ സഹായിക്കും. കംപ്യൂട്ടർ ഉപയോഗവുമായി ബന്ധപ്പെട്ട് 20–20–20 നിയമം ഇപ്പോൾ വളരെ അറിയപ്പെടുന്ന ഒന്നാണ്. 20 മിനിറ്റ് കംപ്യൂട്ടർ സ്ക്രീനിൽ നോക്കിക്കഴിഞ്ഞാൽ പിന്നെ 20 മിനിറ്റ് നേരം 20 അടി ദൂരത്തിലുള്ള മറ്റേതെങ്കിലും വസ്തുവിലേക്കു നോക്കുക. ഇത് കണ്ണിന് ഉണ്ടാകുന്ന പ്രയാസം കുറയ്ക്കാൻ സഹായിക്കും.