കണ്ണൂർ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കണ്ണൂരിൽ അതീവ ജാഗ്രത തുടരുന്നു. മലയോരമേഖലയിൽ ഇന്നലെ രാത്രിയും ഇടവിട്ട് കനത്ത മഴയുണ്ടായി എന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം ഇന്ന് രാവിലെ മഴ മാറി നിൽക്കുകയാണ്. ഇരിട്ടി, പേരാവൂർ, കൊട്ടിയൂർ, കേളകം, കണ്ണിച്ചാർ, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. മന്ത്രി എംവി ഗോവിന്ദൻ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ജില്ലയിലെ കണ്ണിച്ചാർ പഞ്ചായത്തിലാണ് കനത്ത മഴയിൽ ഏറ്റവും നാശമുണ്ടായത്. ഇവിടെ മൂന്നിടത്ത് ഉരുൾപൊട്ടി വ്യാപകനാശമുണ്ടായി. പൂളക്കുറ്റിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻതോതിൽ പാറകളും മണ്ണും നാല് കിലോമീറ്റർ ദൂരത്തിൽ ഒഴുകി ഇറങ്ങി. ചന്ദ്രൻ എന്നയാളുടെ വീട് പൂർണമായി നശിച്ചു. ചന്ദ്രൻ്റെ മൃതദേഹം രക്ഷാപ്രവർത്തകർ രണ്ടരകിലോമീറ്റർ ദൂരത്ത് നിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിൻ്റെ മകൻ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേഷ് എന്ന ഓട്ടോഡ്രൈവറും നുമാ തസ്ലീൻ എന്ന രണ്ടരവയസ്സുകാരിയും ഉരുൾപൊട്ടലിൽ മരിച്ചു. ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും.
നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയിൽ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ചുരം റോഡിൽ നിന്നും അഞ്ച് കിലോമീറ്റർ മുകളിൽ 24-ാം മൈൽ എന്ന സ്ഥലത്തിൽ ഉരുൾപൊട്ടലിൽ കനത്ത നാശമുണ്ടായി.
ഇവിടെ മൂന്നിടത്ത് റോഡ് ഇടിഞ്ഞു താഴ്ന്നു. രണ്ട് വീടുകൾ പൂർണമായി തകർന്നു. ഉരുൾപൊട്ടലിൻ്റെ ശബ്ദം കേട്ട് ആളുകൾ ഇറങ്ങിയോടിയതിനാൽ മാത്രമാണ് അവിടെ ആൾനാശം ഒഴിവായത്. കണ്ണവം വനഭാഗത്തും കാര്യമായ നാശം ഉണ്ടായി. ഇന്നലെ കണ്ണിച്ചാർ പഞ്ചായത്തിലായിരുന്നു കാര്യമായ രക്ഷാപ്രവർത്തനം. ഇന്ന് ചുരം ഭാഗത്തേക്കും മറ്റും രക്ഷാപ്രവർത്തനം സജീവമാകും.
അതേസമയം ഉരുൾപൊട്ടൽ മേഖലയിലേക്ക് ആളുകളുടെ സന്ദർശനം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷാപ്രവർത്തിന് ഇത്തരം സന്ദർശകർ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് അനാവശ്യമായി ആരേയും ദുരന്തമേഖലകളിലേക്ക് കടത്തി വിടേണ്ട എന്ന നിർദേശം പൊലീസ് നൽകുന്നത്.
കനത്ത മഴയിൽ സംസ്ഥാനത്തേറ്റവും നാശനഷ്ടങ്ങളുണ്ടാവുകയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടും കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിക്കാത്തതിൽ വിമർശനം ശക്തമാണ്. ഇന്നലെ രാത്രി വൈകിയും മാധ്യമപ്രവർത്തകരെ ബന്ധപ്പെട്ട് അവധിയുടെ കാര്യം ആളുകൾ അന്വേഷിക്കുകയായിരുന്നു.
കണ്ണൂർ കളക്ടറുടെ ഫേസ്ബുക്ക് പേജിലും ഇതേ ചൊല്ലി പ്രതിഷേധമുണ്ടായി. ഇന്ന് അവധിയാണെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചതും ആശയക്കുഴപ്പത്തിന് കാരണമായി. അതേസമയം അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല എന്നാണ് കണ്ണൂർ കളക്ട്രേറ്റ് ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. ഇന്നലെ ചേർന്ന അവലോകന യോഗത്തിന് ശേഷം അവധി നൽകേണ്ടതില്ല എന്ന തീരുമാനമാണ് കളക്ടർ എടുത്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കണ്ണൂരിലെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിൽ മാത്രമാണ് അവധി നൽകിയത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച തിരുവനന്തപുരം അടക്കം സംസ്ഥാനത്ത് പന്ത്രണ്ട് ജില്ലകളിലും ഇന്ന് അവധി നൽകിയിരുന്നു. കണ്ണൂരിലും കാസര്‍കോടും മാത്രമാണ് അവധി നൽകാതിരുന്നത്. കാസര്‍കോട് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
തിങ്കളാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിൽ കണിച്ചാർ, കേളകം, പേരാവൂർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പൂളക്കുറ്റിയിൽ ജോസെന്നയാളുടെ വീടിന് മുകളിലേക്ക് കല്ലും മരവും പതിച്ചു. ഉഗ്ര ശബ്ദം കേട്ട് മക്കളെയും വിളിച്ച് പുറത്തേക്ക് ഓടിയതിനാലാണ് കുടുംബം രക്ഷപ്പെട്ടത്.
ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മഴ മുന്നറിയിപ്പോ ഒഴിപ്പിക്കലോ ഇല്ലാത്തതുകൊണ്ടാണ് കണ്ണൂരിലെ മലയോരത്ത് ദുരിതം വർദ്ധിച്ചതെന്ന് പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. കണിച്ചാർ, കേളകം, പേരാവൂർ പഞ്ചായത്തുകളിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരും കൃഷി നശിച്ചവരുമായി നിരവധി പേരുണ്ട്. സർക്കാർ അടിയന്തരമായി മൂന്ന് പഞ്ചായത്തുകളിൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു. ആലപ്പുഴ മുതൽ കണ്ണൂർ വരെ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാലിടത്ത് ഓറഞ്ച് അലർട്ടുംനിലവിലുണ്ട്.. 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. കേരള,എംജി,കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിരിക്കുകയാണ്. ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി 12 ഇടത്ത് ഉരുൾപൊട്ടലുണ്ടായി. കണ്ണൂരിലെ പേരാവൂരിലാണ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായത്. കനത്ത മഴയും ആൾനാശവും ഉണ്ടായെങ്കിലും കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയില്ല.