പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. പരിക്കേറ്റവരുടെ ചികിത്സക്കായി എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ”വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും വിദ്യാർത്ഥികൾ യാത്ര ചെയ്ത ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ആശുപത്രിയിൽ കണ്ട കാഴ്ച്ചകൾ ഏറെ വേദനാജനകമായിരുന്നു. പരിക്കേറ്റവരുടെ ചികിൽസയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മരണപ്പെട്ട കുട്ടികളുടെയും അധ്യാപകന്റെയും മറ്റു യാത്രക്കാരുടെയും വേർപാടിൽ അതിയായ ദുഃഖവും അനുശോചനം രേഖപ്പെടുത്തുന്നു.” ആദരാഞ്ജലികൾ. ഫേസ്ബുക്കിലെ കുറിപ്പിങ്ങനെയാണ്.
രാത്രി 12 മണിയോടെയാണ് ടൂറിസ്റ്റ് ബസ്സ് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്.
എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു , അനൂപ് , രോഹിത എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ. വിനോദയാത്രാ സംഘത്തിനൊപ്പമുണ്ടായിരുന്ന വിഷ്ണു ആണ് മരിച്ച അധ്യാപകൻ. കെഎസ്ആര്‍ടിസിയുടെ പിന്നിലേക്ക് ഇടിച്ചതിന് പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന്‍റെ തോത് വര്‍ധിപ്പിച്ചത്. ടൂറിസ്റ്റ് ബസ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. സീറ്റുകളും മറ്റും പുറത്ത് വന്ന നിലയിലാണുള്ളത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.