ഇടുക്കി: പൈനാവ് എൻജിനീയറിങ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് കൊല്ലപ്പെട്ടതിനുപിന്നാലെ സംസ്ഥാനത്ത് ഉടലെടുത്ത സംഘർഷങ്ങൾ തുടരുന്നു.
എസ്.എഫ്.ഐ തിരുവല്ലയിൽ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രകടനമായി എത്തിയ പ്രവർത്തകർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കുറ്റപ്പുഴ മാർത്തോമ്മ കോളജിൽ നിന്നും ആരംഭിച്ച പ്രകടനമാണ് അക്രമാസക്തമായത്.
പ്രകടനത്തിന്റെ പിൻനിരയിലുണ്ടായിരുന്ന 50ഓളം പ്രവർത്തകർ ബ്ലോക്ക് കമ്മിറ്റി ഓഫിസിലേക്ക് ഇരച്ചു കയറുകയായിരുന്നു.ഓഫിസിന്റെ താഴ് തകർത്ത് അകത്തുകടന്ന പ്രവർത്തകർ ഓഫിസിനുള്ളിലെ മേശയും കസേരകളും കൊടി തോരണങ്ങളും നശിപ്പിച്ചു. പോലീസെത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നിരവധി കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്