കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് മുന്നിൽ വൻ പ്രതിഷേധം. അടിയന്തര കൗൺസിൽ യോഗത്തിന് മുമ്പായിരുന്നു കൊച്ചി കോർപ്പറേഷന് മുന്നിൽ സംഘർഷം നടന്നത്. കൊച്ചി മേയറെ തടയാനെത്തിയ യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പൊലീസ് കയ്യേറ്റം ചെയ്തു.
പൊലീസ് ഗേറ്റ് പൂട്ടിയതാണ് ഉന്തും തള്ളിലേക്ക് നയിച്ചത്. എന്നാല്‍ കോര്‍പറേഷന്‍ ഓഫിസിന്‍റെ ഗേറ്റ് തുറന്നതോടെ സി.പി.എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ടുപൊലീസുകാര്‍ക്കും കൗൺസിലർമാർക്കും പരിക്കേറ്റു. പത്മദാസ്,ടിബിന്‍ ദേവസി എന്നീ കൗൺസിലർമാർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ഗേറ്റിന് പുറത്ത് സി.പി.എം പ്രവർത്തകരുടെ പ്രതിരോധവും നടന്നു. കൊച്ചി മേയർ എം. അനിൽകുമാറിനെ തടനായി കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ ഓഫിസ് ഉപരോധിച്ചു. എന്നാൽ പൊലീസ് സംരക്ഷണയിൽ മേയർ കോർപറേഷൻ ഓഫിസിലേക്ക് കയറി.