ദില്ലി: ഇസ്രയേലിൽ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ. സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് വീണ്ടും ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷം പരിഹരിക്കണം. ഇതിനായി പരസ്പരം സന്ദേശങ്ങൾ കൈമാറാൻ തയാറാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. അതേസമയം, ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകളാണെന്നാണ് വിവരങ്ങൾ.
മിസൈല്‍ ആക്രമണം അപ്രതീക്ഷതിമാണെന്നും എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയെന്നും ഇസ്രായേലിലെ മലയാളികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇറാന്‍റെ ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ മിസൈലുകളെ പ്രതിരോധിക്കാനും വെടിവെച്ച് വീഴ്ത്താനും പ്രസിഡന്‍റ് ജോ ബൈഡൻ അമേരിക്കൻ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഷെല്‍ട്ടറുകളിൽ അഭയം തേടിയിരിക്കുകയാണ് ഇസ്രായേലി പൗരന്മാരും മറ്റു രാജ്യങ്ങളിലെ പൗരന്മാരും. ഇസ്രായേലിലെ മലയാളികളും ഷെല്‍ട്ടറുകളിലേക്ക് മാറിയിട്ടുണ്ട്.
ഇതിനിടെ, ഇസ്രയേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയം ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണം. ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പിൽ പറയുന്നു. പ്രധാന ഇസ്രയേലി നഗരങ്ങൾ എല്ലാം അതീവ ജാഗ്രതയിൽ ആണ്.