ബെംഗലൂരു: ഐപിഎല്‍ താരലേലത്തില്‍ മലയാളി പേസര്‍ എസ്.ശ്രീശാന്തിനെ വിളിക്കുമോയെന്നതില്‍ അവ്യക്തത. ലേലം അവസാന ഘട്ടത്തിലെത്തുമ്പോഴും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ട കളിക്കാരുടെ പട്ടികയിൽ, ശ്രീശാന്തിനെ ഇതുവരെ വിളിച്ചിട്ടില്ല. ലേലപ്പട്ടികയിൽ 429 ആയിരുന്നു ശ്രീശാന്തിന്‍റെ സ്ഥാനം. പട്ടികയിൽ ശ്രീശാന്തിന് പിന്നിൽ ഉള്ളവരെ ലേലത്തിൽ വിളിച്ചു. 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്‍റെ അടിസ്ഥാന വില.
അതേ സമയം മലയാളി താരങ്ങളായ എസ് മിഥുന്‍, സന്ദീപ് വാര്യര്‍, കരുണ്‍ നായര്‍ എന്നിവര്‍ ഇന്ന് ലേലത്തിന് എത്തിയെങ്കിലും ടീമുകളാരും എടുത്തില്ല. ഇന്നലെ വിഷ്ണു വിനോദിനെയും, മുഹമ്മദ് അസ്ഹറുദ്ദീനും ലേലലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല.
ബേസില്‍ തമ്പി മാത്രമാണ് കേരളത്തില്‍ നിന്ന് ഇതുവരെ ലേലം വിളിക്കപ്പെട്ട കളിക്കാരന്‍. 30 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യന്‍സാണ് ബേസിലിനെ ടീമിലെത്തിച്ചത്. ഇന്നലെയും ഇന്നുമായി നടന്ന ലേലത്തിലൂടെ ആകെ 21 കളിക്കാരെ വീതം ടീമിലെത്തിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്സും 20 കളിക്കാരെ ഇതുവരെ സ്വന്തമാക്കിയ സണ്‍റൈസേഴ്സ് ഹൈദരാബാദും 19 കളിക്കാരെ ടീമിലെത്തിച്ച ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും ഏറ്റവും കുറഞ്ഞത് 18 കളിക്കാരെ സ്വന്തമാക്കണമെന്ന നിബന്ധന മറികടന്നു.
മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇതുവരെ 18 കളിക്കാരെ വീതം ടീമിലെത്തിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് 17 കളിക്കാരെ ടീമിലെത്തിച്ചു. ഇതുവരെ 14 കളിക്കാരെ മാത്രം ടീമിലെത്തിച്ച രാജസ്ഥാന്‍ റോയല്‍സാണ് ഏറ്റവും കുറവ് കളിക്കാരെ ലേലത്തിലൂടെ സ്വന്തമാക്കിയത്.