തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബാംഗങ്ങൾക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ (സിഎംഡിആർഎഫ്) നിന്നു വിതരണം ചെയ്യുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം. ഇതിനായി പുതിയ ഫണ്ട് ലഭ്യമാക്കുന്നതിനായി റവന്യു വകുപ്പ് കലക്ടർമാർ വഴി പുതിയ വിവരശേഖരണം തുടങ്ങി. ഇനിയും എത്ര പേർ ധനസഹായത്തിന്റെ ഗുണഭോക്താക്കളാകുമെന്നുള്ള കണക്കെടുപ്പാണു നടത്തുന്നത്. കോവിഡ് ബാധിച്ചു മരണമടഞ്ഞ ബിപിഎൽ കുടുംബങ്ങളിൽനിന്നു 18,916 പേർ അപേക്ഷിക്കുകയും 5016 അപേക്ഷകൾ അംഗീകരിക്കുകയും ചെയ്തുവെങ്കിലും ആർക്കും തുക നൽകാനായിട്ടില്ല. സിഎംഡിആർഎഫിൽനിന്നു വിവിധ കലക്ടർമാർക്കു കോടിക്കണക്കിനു രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽനിന്നു ചില ജില്ലകളിൽ തുക വിതരണം ചെയ്തതായി റവന്യു വകുപ്പ് അവകാശപ്പെടുന്നുവെങ്കിലും കണക്കുകൾ ലഭ്യമല്ല.
ഇത്തരം ബിപിഎൽ കുടുംബാംഗങ്ങൾക്കു സംസ്ഥാന സർക്കാർ 3 വർഷത്തേക്കു പ്രതിമാസം 5,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം പകുതിക്കു ശേഷമാണ്. ഒക്ടോബറിൽ ഉത്തരവും ഇറങ്ങി. പ്രത്യേക ഫണ്ട് ഇല്ലാതിരുന്നതിനാൽ സിഎംഡിആർഎഫിൽനിന്നു തൽക്കാലം ധനസഹായം നൽകാനും ഈ സാമ്പത്തിക വർഷം മുതൽ പുതിയ ഫണ്ട് വകയിരുത്താനും സർക്കാർ തീരുമാനിച്ചു. കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കു സുപ്രീം കോടതി നിർദേശപ്രകാരം 50,000 രൂപ അടിയന്തര ധനസഹായം നൽകുന്ന അപേക്ഷകൾ സമർപ്പിക്കാനായി റവന്യു വകുപ്പ് തയാറാക്കിയ റിലീഫ് പോർട്ടൽ വഴിയാണു ബിപിഎൽ കുടുംബങ്ങൾക്കുള്ള സഹായവും പരിഗണിക്കുന്നത്.
സിഎംഡിആർഎഫിന്റെ പോർട്ടലിനെ റിലീഫ് പോർട്ടലുമായി ബന്ധിപ്പിക്കാൻ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങൾ വന്നതാണു കാരണമെന്നു റവന്യു വകുപ്പ് പറയുന്നു. ഇതിന്റെ നടപടിക്രമങ്ങളും തയാറാക്കിയില്ല. ഇതോടെ ബിപിഎൽ ധനസഹായം മുടങ്ങി. അതേസമയം, 50,000 രൂപയുടെ ധനസഹായത്തിനുള്ള അപേക്ഷകൾ പൂർണമായി ഓൺലൈൻ സംവിധാനം വഴി വിലയിരുത്തി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറുകയാണ്. ഇതിന് ഓൺലൈനിൽ തന്നെ നടപടിക്രമങ്ങളുണ്ട്. ഇതുവരെ 61,557 പേർക്ക് ഈ സഹായം വിതരണം ചെയ്തു.