തിരുവനന്തപുരം : ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവം ഓര്‍മ്മിപ്പിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. ഗുജറാത്ത് മോഡല്‍ അംഗീകരിച്ചതിന് തന്നെ പുറത്താക്കിയത് സിപിഐഎമ്മിന്റെ ചരിത്ര വിഡ്ഢിത്തമായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. സര്‍ക്കാരിന്റേത് വൈകിവന്ന ബുദ്ധിയാണെന്ന് പറഞ്ഞ് അവഹേളിക്കുന്നില്ല. പകരം തീരുമാനത്തിന്റെ പേരില്‍ സര്‍ക്കാരിനെ അഭിനന്ദിക്കാനാണ് ആഗ്രഹിക്കുന്നത്. ഗുജറാത്ത് മോഡല്‍ വികസന രാഷ്ട്രീയം കൂടി സര്‍ക്കാര്‍ പഠിക്കണമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഗുജറാത്ത് മോഡല്‍ നടപ്പാക്കുന്നതിനൊപ്പം തന്നെ അഴിമതിയും ധൂര്‍ത്തും നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രതികരിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനുള്ള കേരളാ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം. ഗുജറാത്തിലെ ഇ-ഗവര്‍ണന്‍സിനായി നടപ്പിലാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം അടിയന്തരമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാന്‍ ഗുജറാത്തിലെത്തുന്നത്.
2019 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് ഡാഷ് ബോര്‍ഡ് പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വിരല്‍ തുമ്പില്‍ സംസ്ഥാനത്തെ ഗവേര്‍ണന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും എത്തുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഈ രീതി പഠിക്കാനാണ് കേരളത്തിന്റെ നീക്കം.