ന്യൂഡൽഹി > കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) പുനഃസ്ഥാപിച്ച് നല്‍കി. അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കൻ വാര്‍ത്താസമ്മേളനം നടത്തി മിനിറ്റുകള്‍ക്കകമാണ് ഐടിഎടിയുടെ നടപടി.
എന്നാൽ അക്കൗണ്ടുകൾ പുനസ്ഥാപിച്ചെങ്കിലും പണം ചെലവാക്കാൻ കഴിയില്ലെന്ന് അജയ് മാക്കൻ പറഞ്ഞു. 115 കോടി രൂപ അക്കൗണ്ടിൽ നിലനിർത്തി ബാക്കിയുള്ള തുക ചെലവാക്കാനാണ് ഐടിഎടി അനുമതി നൽകിയിരിക്കുന്നത്. എന്നാൽ 115 കോടിയിൽ താഴെയാണ് കോൺഗ്രസ് പാർട്ടിയുടെ കറന്റ് അക്കൗണ്ടിലുള്ള തുകയെന്ന് മാക്കൻ പറയുന്നു. അതുകൊണ്ടുതന്നെ ഒരു രൂപ പോലും പുനസ്ഥാപിച്ച അക്കൗണ്ടിൽനിന്ന് ചെലവാക്കാൻ കഴിയില്ല.
മാക്കൻ പറയുന്നതനുസരിച്ച് 115 കോടി രൂപ മരവിപ്പിച്ചത് തുടരുമെന്നാണ് മനസിലാകുന്നത്. ഇടക്കാല ആശ്വാസത്തിനായുള്ള പാർട്ടിയുടെ ഹർജി ഐടിഎടി ബുധനാഴ്‌ച കേൾക്കും. കോണ്‍ഗ്രസില്‍നിന്നും യൂത്ത് കോണ്‍ഗ്രസില്‍നിന്നും 210 കോടി തിരിച്ചുപിടിക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ ആവശ്യം.