ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദം. കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ആദ്യ പ്രതികരണം വന്നത്. വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം എന്നാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ‘വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം, സത്യമേവ ജയതേ – ജയ് ഹിന്ദ്’ -എന്നിങ്ങനെയാണ് കുറിപ്പ്.രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധിയാണ് വന്നിരിക്കുന്നത്. ഇതോടെ രാഹുലിന്‍റെ അയോഗ്യത നീങ്ങും, ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടും. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര്, ഇത് എന്തുകൊണ്ടാണ്’ എന്ന് രാഹുൽ ചോദിച്ചത്. ഇതിനെതിരെ ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. പൂർണേശിന്റെ പരാതിയിൽ സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചു. ഇതോടെ എം.പി സ്ഥാനത്തുനിന്ന് രാഹുൽ അയോഗ്യനാക്കപ്പെട്ടു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളി. ഇതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.