ദില്ലി : രാഹുല്‍ഗാന്ധിയെ നാളെ വീണ്ടും ഇഡി വിളിപ്പിച്ചിട്ടുണ്ടെങ്കിലും, ചോദ്യം ചെയ്യല്‍ നീണ്ടേക്കുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും ചോദ്യം ചെയ്യലുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെ എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനം. ഞായറാഴ്ച മുഴുവന്‍ എംപിമാരും ദില്ലിയിലെത്തണം. ഔദ്യോഗിക വസതികളില്‍ പത്ത് പ്രവര്‍ത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണം.പൊതു പ്രതിഷേധത്തില്‍ പങ്കെടുക്കാനനുവദിക്കാത്ത ദില്ലി പോലീസ് നടപടി കൂടി കണക്കിലെടുത്താണ് പ്രതിരോധം തീര്‍ക്കുന്നത്. ദില്ലി പോലീസ് അതിക്രമത്തില്‍ ജനപ്രതിനിധികളുടെ അവകാശവും, മനുഷ്യാവകാശവും ലംഘിക്കപ്പെട്ടുവന്ന പരാതിയുമായാണ് ലോക് സഭ രാജ്യസഭ എംപിമാര്‍ സഭാധ്യക്ഷന്മാരെ കണ്ടത്. മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, തീവ്രവാദികലെ നേരിടുന്നത് പോലെയാണ് എംപിമാരോട് പെരുമാറിയതെന്നും നേതാക്കള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര‍്‍ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കും. മുന്‍കൂര്‍ ജാമ്യത്തിന് പോകേണ്ടതില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശവും രാഷ്ചടീയമായി നേരിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്.