ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പാർട്ടിവിടൽ പ്രഖ്യാപനങ്ങളും ഒപ്പം പുറത്താക്കലും. ഉത്തരാഖണ്ഡിൽ മറുകണ്ടം ചാടാനൊരുങ്ങുന്ന നേതാക്കൾക്കെതിരെ ബിജെപിക്ക് പിന്നാലെ കോൺഗ്രസും നടപടിയെടുക്കുകയാണ്. മഹിളാ കോൺഗ്രസ് അധ്യഷ സരിത ആര്യയെ കോൺഗ്രസ് പുറത്താക്കി. നൈനിറ്റാൾ സീറ്റ് നൽകാതിരുന്നതിനാൽ സരിത ആര്യ പാർട്ടിയുമായി ഇടഞ്ഞിരുന്നു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനിരിക്കെയാണ് നടപടി.
ഇന്നലെ ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തിനെ മന്ത്രി സ്ഥാനത്തു നിന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പുറത്താക്കിയിരുന്നു. ഹരക് സിംഗ് കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾക്കിടയിലായിരുന്നു നടപടി. ബിജെപി 6 വർഷത്തേക്ക് ഹരക് സിംഗിനെ നീക്കി. ഹരക് സിംഗുമായുള്ള പ്രശ്നം പരിഹരിക്കാൻ ബിജെപി ഡിസംബറിൽ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. യുപിയിൽ ബിജെപി മന്ത്രിമാർ കൂടുമാറി സമാജ്‌വാദി പാർട്ടിയിൽ ചേർന്നത് ക്ഷീണമായിരിക്കെയാണ് ഉത്തരാഖണ്ഡിലും തിരിച്ചടിയുണ്ടാകുന്നത്.