മലപ്പുറം: ബ്ലോക്ക് കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഗ്രൂപ്പ് യോഗം ചേർന്നു. അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് മലപ്പുറത്ത് കോൺഗ്രസിന്റെ ഗ്രൂപ്പ് യോഗം ചേർന്നത്. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരകത്തിലാണ് യോഗം ചേർന്നത്. പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ യോജിച്ചുള്ള നീക്കത്തിനായി എ,ഐ ഗ്രൂപ്പുകള്‍ കൈകോര്‍ക്കാൻ തീരുമാനിച്ചിരുന്നു. പാർട്ടി പുനസംഘടനയില്‍ കൂടിയാലോചനയുണ്ടായില്ലെന്ന് രമേശ് ചെന്നിത്തലയും പരസ്യമായി പ്രതികരിച്ചതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
പുനസംഘടനയിൽ അതിരൂക്ഷമായാണ് എ ഗ്രൂപ്പ് വികാരം ബെന്നി ബെഹന്നാൻ പരസ്യമാക്കിയത്. സതീശനും സുധാകരനുമെതിരെ വിമർശനം ഉന്നയിച്ച് ഐക്യ അന്തരീക്ഷം ഇല്ലാതാക്കിയെന്നാണ് കുറ്റപ്പെടുത്തൽ. ചർച്ചകളില്ലാതെ ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന പരാതി എ ക്കൊപ്പം ഐ യും എംപിമാരും പരസ്യമാക്കിയിട്ടും കെപിസിസി നേതൃത്വത്തിന് കുലുക്കമില്ല. പ്രഖ്യാപിച്ച ജില്ലകളിലെ പരാതികൾ തീർക്കാൻ നേതൃത്വം ചർച്ച നടത്തുമെന്ന പ്രതീക്ഷക്കിടെ നിലവിൽ പ്രഖ്യാപിച്ച ജില്ലകളിൽ ഒരുമാറ്റത്തിനും തയ്യാറാകാതെയാണ് ബാക്കി വന്ന മൂന്ന് ജില്ലകളിൽ കൂടി തീരുമാനിച്ചത്. നിസ്സഹകരണം പ്രഖ്യാപിച്ച ഗ്രൂപ്പുകളുടെ അടുത്ത നീക്കമാണ് ഇനി പ്രധാനം. കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയിട്ടും നേതൃത്വം അനുനയ ചർച്ച നടത്താത്തതിലും ഗ്രൂപ്പുകൾ അമർഷത്തിലാണ്.