തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പരോക്ഷമായും പ്രത്യക്ഷമായും സംഘപരിവാറിനെ സഹായിക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദേശാഭിമാനിയില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ‘ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്’ എന്ന ലേഖനത്തിന്റെ തുടര്‍ച്ചയായ ‘ജനപിന്തുണയില്‍ ഉറച്ച മുന്നേറ്റം’ എന്ന ലേഖനത്തിലാണ് വിമര്‍ശനം. കോണ്‍ഗ്രസ് നയം സമൂഹത്തില്‍ മതാധിഷ്ഠിത വിള്ളല്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മേധാവിത്വം നേടാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. തരാതരം ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ കോണ്‍ഗ്രസ് പ്രീണിപ്പിക്കുന്നു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ മാത്രമാണ് കോണ്‍ഗ്രസിന് വ്യക്തതയെന്നും പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രം ഭരിച്ചകാലത്ത് കേരളത്തിലെ റെയില്‍വേ മേഖലയെ കോണ്‍ഗ്രസ് അവഗണിച്ചു. കേരളം രക്ഷപ്പെടരുതെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് അധഃപതിച്ചു. കേരള ജനതയോട് ശത്രുതാ നിലപാടാണ് കോണ്‍ഗ്രസിന്. മാധ്യമങ്ങളുമായി ചേര്‍ന്ന് എല്‍ഡിഎഫിനെ തകര്‍ക്കാമെന്ന വ്യാമോഹമാണ് യുഡിഎഫിന്പിണറായി വിജയന്‍ പറഞ്ഞു.